ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഉയർന്ന ഭിന്നതകളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, പരാതിക്കാരായ ജസ്റ്റിസുമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് സൂപ്രീം കോടതിയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ജസ്റ്റിസുമാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ചീഫ് ജസ്റ്റിസ് വിളിച്ചു ചേർത്ത യോഗത്തിന്റെ പ്രധാന ലക്ഷ്യം പരാതിക്കാരായ നാല് ജസ്റ്റിസുമാരെയും പ്രസാദിപ്പിക്കാനായിരുന്നുവെന്നാണ് വിവരം. യോഗത്തിൽ ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ലോകൂർ, കുര്യൻ ജോസഫ് എന്നിവർക്ക് പുറമേ, എ.കെ.സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, യു.ലളിത് എന്നിവരും പങ്കെടുത്തിരുന്നു.

അര മണിക്കൂറോളം യോഗം നീണ്ടുനിന്നതായാണ് വിവരം. എന്നാൽ തർക്കത്തിന് പരിഹാരം കാണാൻ ഈ യോഗം കൊണ്ടും സാധിച്ചില്ല. ഈ ആഴ്ചയിൽ ആദ്യമായാണ് ജസ്റ്റിസ് ദീപക് മിശ്ര, പരാതിക്കാരായ നാല് മുതിർന്ന ജസ്റ്റിസുമാരുമായി ചർച്ച നടത്തുന്നത്.

നാല് ജസ്റ്റിസുമാരും ഉന്നയിച്ച പരാതികളിലോ വിഷയത്തിന് മുകളിലോ എന്തെങ്കിലും പരിഹാര നിർദ്ദേശം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അവതരിപ്പിച്ചിരുന്നില്ല. പക്ഷെ, പ്രോകോപിതരായ ജസ്റ്റിസ് ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ലോകൂർ, കുര്യൻ ജോസഫ് എന്നിവരെ സമാധാനിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് ശ്രമിച്ചത്.

അതേസമയം, ഉന്നത നീതിപീഠത്തിലെ ന്യായാധിപർ ഒന്നടങ്കം ഈ ഭിന്നിപ്പിൽ വളരെയധികം ആശങ്കാകുലരാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. മറ്റ് മൂന്ന് ജസ്റ്റിസുമാർ കൂടി ചീഫ് ജസ്റ്റിസ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, പ്രതിപക്ഷത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എൻസിപി നേതാവ് താരീഖ് അൻവറും ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നുണ്ട്.

രാജ്യസഭയിൽ 50 എംപിമാരുടെയും ലോക്‌സഭയിൽ 100 എംപിമാരുടെയും പിന്തുണയാണ് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ വേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ