ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മാധ്യമങ്ങളെ സമീപിച്ച സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരുമായി ദീപക് മിശ്രയും കൂടിക്കാഴ്ച നടത്തി.

പ്രതിഷേധമുയര്‍ത്തിയ ജസ്റ്റിസ് ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി.ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ക്ക് പുറമേ എ.കെ.സിക്രി, എൻ.വി.രമണ, ഡി.വൈ.ചന്ദ്രചൂഡ് എന്നീ മൂന്ന് മുതിര്‍ന്ന ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തു. കാലത്തെ സെഷന്‍ ആരംഭിക്കുന്നതിന് മുന്‍പാണ് അര മണിക്കൂറില്‍ കുറവ് മാത്രം നീണ്ടുനിന്ന യോഗം നടന്നത്.

കേസുകള്‍ അനുവദിക്കുന്നത്തില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളും പരിഷ്കരണങ്ങളുമാണ് ചര്‍ച്ചയായത്.

കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ സ്വീകരിക്കേണ്ടതായ നടപടികളെക്കുറിച്ചും ജഡ്ജിമാര്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളില്‍ യാതൊരു അയവും വന്നിട്ടില്ല.

വരും ദിവസങ്ങളിലായി പരമോന്നതകോടതി പരിഗണിക്കുന്ന സുപ്രധാനമായ എട്ട് കേസുകളില്‍ വിമത സ്വരമായ ജഡ്ജിമാരില്ല എന്നത് ശ്രദ്ധേയമാണ്.

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച ജസ്റ്റിസുമാരില്‍ പ്രധാനിയായ ജസ്റ്റിസ് ചെലമേശ്വര്‍ അസുഖത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ അവധിയിലാണ്. വാരാന്ത്യം ആയതിനാല്‍ ജഡ്ജിമാരാരും തന്നെ തലസ്ഥാനത്തുണ്ടാകാന്‍ സാധ്യതയില്ല. അത്തരമൊരു സാഹചര്യത്തില്‍ ജുഡീഷ്യറിയിലെ പ്രതിസന്ധി കൂടുതല്‍ സമയത്തേക്ക് നീണ്ടുപോവുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook