scorecardresearch
Latest News

രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത: വിശാല ബെഞ്ചിന് വിടണോ എന്നതിൽ വാദം 10ന്

സെക്ഷൻ 124 എയ്ക്കെതിരായ നിലപാട് വിശദീകരിച്ച് മേയ് ഒമ്പതിനകം എതിർ സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീംകോടതി കേന്ദ്രത്തിനോട് നിർദേശിച്ചു

രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത: വിശാല ബെഞ്ചിന് വിടണോ എന്നതിൽ വാദം 10ന്

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ വിശാല ബെഞ്ചിന് വിടേണ്ടതുണ്ടോ എന്നതിൽ ആദ്യം തീരുമാനമെടുക്കാൻ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 10ന് ഇതിൽ വാദം കേൾക്കും.

വിഷയത്തിൽ, ഏഴിനകം രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരോടും കേന്ദ്രത്തോടും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. 124 എ വകുപ്പിനെതിരായ നിലപാട് വിശദീകരിച്ച് മേയ് ഒമ്പതിനകം എതിർ സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീംകോടതി കേന്ദ്രത്തിനോട് നിർദേശിച്ചു.

1962ലെ കേദാർ നാഥ് കേസിലെ വിധി ഈ വിഷയത്തിൽ കൃത്യമാണെന്നും അതിനാൽ ഹർജികൾ വിശാല ബെഞ്ചിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ‘ഹനുമാൻ ചാലിസ’ വിവാദത്തിന്റെ പേരിൽ എംഎൽഎയ്ക്കും ഭർത്താവിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ പരാമർശിച്ച വേണുഗോപാൽ, വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ സ്ഥാപിക്കണമെന്നും വ്യക്തമാക്കി.

കേദാർനാഥ് സിങ് വിധി പുനഃപരിശോധിക്കണമെന്ന് ഹർജിക്കാർ തങ്ങളുടെ ഹർജികളിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിശാല ബെഞ്ചിനു വിടാതെ തന്നെ ഈ വ്യവസ്ഥകൾ റദ്ദാക്കാമെന്ന്‌ പറഞ്ഞു.

എന്നാൽ, വിശാല ബെഞ്ചിന് വിടാതെ നിയമമെങ്ങനെ പുനഃപരിശോധിക്കുമെന്ന് ആശ്ചര്യപ്പെട്ട കോടതി, അതിൽ ആദ്യം വാദം കേൾക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court constitutional validity sedition law may 10