ന്യൂഡല്‍ഹി: അയോധ്യ കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. അയോധ്യ കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, എൻ.വി.രമണ, യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണുള്ളത്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാവും ഈ ബെഞ്ച് പരിഗണിക്കുക.

അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ സംഘടനകള്‍ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കുക.

നേരത്തെ അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര വിസമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ തീരുമാനം. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നേരത്തെ അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook