ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി വിവരം.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതി ജഡ്ജി അഹ്‌സനുദ്ദീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബര്‍ 13-നു നിയമ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരുന്നു.
നിയമനങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ ഓഫീസ് ഫെബ്രുവരി രണ്ടിന് അംഗീകാരം നല്‍കിയതായും പേരുകള്‍ രാഷ്ട്രപതി ഭവനിലേക്ക് അയച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇന്നു നിയമന വാറന്റ് പുറപ്പെടുവിച്ചാല്‍, അടുത്തയാഴ്ച ആദ്യം പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണു വിവരം.
സുപ്രീം കോടതി ജെഡ്ജിമാരായി നിയമിക്കാന്‍ രണ്ടു പേരുകള്‍ കൂടി കൊളീജിയം അസാധാരണമായ നീക്കത്തിലൂടെ ശിപാര്‍ശ ചെയ്ത് മൂന്നു ദിവസത്തിനു ശേഷമാണ് അഞ്ചുപേരുടെ നിയമനം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെയൊണു കൊളീജിയം ജനുവരി 31നു ശിപാര്‍ശ ചെയ്തത്.
കൂടുതല്‍ ശിപാര്‍ശകള്‍ അയയ്ക്കുന്നതിന് മുന്‍പ് ആദ്യ ഫയലില്‍ തീരുമാനമാകുന്നതിനു കൊളീജിയം കാത്തിരിക്കുന്നതാണു പതിവ്.