ന്യൂഡല്‍ഹി: രണ്ട് ജഡ്ജിമാരെ സുപ്രീം കോടതിയില്‍ നിയമിക്കണമെന്ന ശുപാര്‍ശയോട് കേന്ദ്രം വിയോജിപ്പ് അറിയിച്ചെങ്കിലും മുന്‍ നിലപാടിലുറച്ച് നില്‍ക്കുകയാണ് കൊളീജിയം. നേരത്തെ കേന്ദ്രം മടക്കി അയച്ച രണ്ട് പേരുകള്‍ക്കൊപ്പം മറ്റ് രണ്ട് പേരുകള്‍ കൂടി ശുപാര്‍ശ ചെയ്തിരിക്കുകയാണ് സുപ്രീം കോടതി കൊളീജിയം. ഏപ്രില്‍ 12 ന് ശുപാര്‍ശ ചെയ്ത രണ്ട് ജഡ്ജിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയം വീണ്ടും കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. യോഗ്യതയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്.എഫ്.നരിമാന് എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍.
Read More: ജഡ്ജി നിയമനം: കൊളീജിയം തീരുമാനം തന്നെ അറിയിച്ചിരുന്നില്ലെന്ന് ജസ്റ്റിസ് മഥൻ ബി. ലോകൂർ
നേരത്തെ ശുപാര്‍ശ ചെയ്ത രണ്ട് പേര്‍ക്കൊപ്പം ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഭൂഷണ് ആര് ഗവി എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തണമെന്നാണ് കൊളീജിയത്തിന്റെ ആവശ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ എന്നിവരുടെ പേരുകളായിരുന്നു കൊളീജിയം ആദ്യം നൽകിയത്. ഏപ്രിൽ 12 നാണ് ആദ്യ ലിസ്റ്റ് കൊളീജിയം അയച്ചത്. എന്നാൽ, ഇതിൽ കേന്ദ്രം വിയോജിപ്പ് അറിയിച്ച് തിരിച്ചയക്കുകയായിരുന്നു. വിയോജിപ്പിനുള്ള കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

നിലവിൽ 27 ജഡ്ജിമാരുമായാണ് സുപ്രീം കോടതിയിലെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. കൊളീജിയം ശുപാർശ ചെയ്ത നാല് പേരെ കൂടി ജഡ്ജിമാരായി ഉയർത്തിയാൽ ഇത് 31 ആകും. നാല് ജഡ്ജിമാർ കൂടി എത്തിയാൽ കോടതിയുടെ സുഗമമായ നടത്തിപ്പിന് ഗുണം ചെയ്യുമെന്നാണ് കൊളീജിയം വിലയിരുത്തുന്നത്. ജഡ്ജജിമാരുടെ യോഗ്യതയ്ക്ക് മുൻഗണന നൽകികൊണ്ടാകണം നിയമനം എന്ന് കൊളീജിയം ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലെെംഗികാരോപണം
കഴിഞ്ഞ വർഷവും കൊളീജിയം ശുപാർശ കേന്ദ്രം പലതവണ തിരിച്ചയച്ചിരുന്നു. ഇതിൽ മുതിർന്ന ജഡ്ജിമാരടക്കം കേന്ദ്ര നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെയായിരുന്നു കേന്ദ്രം നേരത്തെ വിയോജിപ്പ് അറിയിച്ചത്. പിന്നീട്, കൊളീജിയം വീണ്ടും കെ.എം.ജോസഫിനെ ശുപാർശ ചെയ്യുകയായിരുന്നു.