ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി ഉയർത്താനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം ഇന്ന് വീണ്ടും ചർച്ച ചെയ്തേക്കും. നേരത്തേ കേന്ദ്രസർക്കാർ ജസ്റ്റിസ് ജോസഫിന്റെ നിയമന കാര്യത്തിൽ പ്രതികൂല നിലപാട് സ്വീകരിച്ച ശേഷം ഇത് രണ്ടാം തവണയാണ് കൊളീജിയം യോഗം ചേരുന്നത്.
ജനുവരി 10 ന് ചേർന്ന കൊളീജിയമാണ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി ശുപാർശ ചെയ്തത്. എന്നാൽ വിയോജന കുറിപ്പോടെ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ശുപാർശ മടക്കി അയച്ചു. ഈ വിയോജന കുറിപ്പിലെ വാദങ്ങൾ നിലനിൽക്കില്ലെന്ന നിലപാട് ഇന്നത്തെ കൊളീജിയം സ്വീകരിച്ചേക്കും.
കെ.എം.ജോസഫിന്റെ നിയമന കാര്യത്തിൽ തീരുമാനം എടുക്കാൻ വൈകരുതെന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്‌ജി ജസ്റ്റിസ് ജസ്‌തി ചെലമേശ്വർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നൽകിയിരുന്നു. ഇനി ആറ് ദിവസം മാത്രമാണ് ചെലമേശ്വർ വിരമിക്കാനുളളത്.
കൊളീജിയത്തിലെ അംഗങ്ങളായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ കെ.എം.ജോസഫിന് വേണ്ടി നിലപാടെടുക്കുന്നവരാണ്. ഇന്നത്തെ യോഗത്തിന്റെ അജണ്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിപുലപ്പെടുത്തിയെങ്കിലും കെ.എം.ജോസഫിന്റെ നിയമന കാര്യത്തിൽ ദീപക് മിശ്രയുടെ നിലപാട് എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
രണ്ടാം തീയതി കൊളീജിയം യോഗം ചേർന്നെങ്കിലും അജണ്ട വിപുലപ്പെടുത്തിയതിനെ തുടർന്ന് തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. രവിശങ്കർ പ്രസാദ് അയച്ച കത്ത് അടിസ്ഥാനപ്പെടുത്തി കൊൽക്കത്ത, രാജസ്ഥാൻ, ആന്ധ്രപ്രദേശ് ഹൈക്കോടതികളിൽ നിന്നും സുപ്രീംകോടതിയിലേക്കു പരിഗണിക്കേണ്ട പേരുകൾകൂടി ചീഫ് ജസ്റ്റിസ് അജണ്ടയിൽ ഉൾപ്പെടുത്തിയത്.