ന്യൂഡല്‍ഹി: പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നിലവിലെ സിജെഐ എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം യോഗം ചേര്‍ന്നു. ചീഫ് ജസ്റ്റിസ് ഓഗസ്റ്റ് 26 ന് വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു യോഗം.
ചീഫ് ജസ്റ്റിസിനു പുറമെ യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന് കൗള്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍. കൊളീജിയം ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്നേക്കുമെന്നാണ് സൂചന.
സുപ്രീം കോടതിയിലേക്കുള്ള നിയമനങ്ങള്‍ക്കായി ചില പേരുകള്‍ കൊളീജിയം ചര്‍ച്ച ചെയ്തതായും വിവരമുണ്ട്. എന്നാല്‍ അടുത്ത ചീഫ് ജസ്റ്റിസ് സ്ഥാനമേല്ക്കുന്നതു വരെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും ഉയര്‍ന്നതായാണ് അറിയാന്‍ കഴിഞ്ഞത്.
മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ (എം ഒ പി, ജഡ്ജിമാരുടെ നിയമനപ്രക്രിയയെയും സി ജെ ഐ നിയമനത്തെയും സംബന്ധിച്ചുള്ള രേഖ) പ്രകാരം സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനോട് അടുത്ത സി ജെ ഐയെ ശുപാര്‍ശ ചെയ്യാന്‍ നിയമമന്ത്രി ആവശ്യപ്പെടും.
ചീഫ് ജസ്റ്റിസ് പദവി വഹിക്കാൻ യോഗ്യനെന്ന് കരുതുന്ന സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി ആയിരിക്കണമെന്നാണ് എം ഒ പിയില്‍ പറയുന്നത്. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം അനുയോജ്യമായ സമയത്ത് തേടണമെന്നാണ് എം ഒ പി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നടപടിക്രമത്തിനുള്ള സമയക്രമം വ്യക്തമല്ല. സി ജെ ഐ വിരമിക്കുന്നതിന് ഒരു മാസം മുമ്പാണ് സാധാരണയായി നടക്കുന്നത്.
നിലവില്‍ സുപ്രീം കോടതിയില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജായ ലളിതായിരിക്കും അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. നവംബര്‍ എട്ടിനു വിരമിക്കുന്ന ലളിതിനു മൂന്നു മാസത്തെ കാലാവധിയാണുള്ളത്.
സുപ്രീം കോടതി ജഡ്ജിയായി ബാറിൽനിന്ന് നേരിട്ടു നിയമിതനായ ജസ്റ്റിസ് എസ് എം സിക്രി കഴിഞ്ഞാൽ രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും ലളിത്. 1971 ജനുവരി മുതൽ 1973 ഏപ്രിൽ വരെ ജസ്റ്റിസ് സിക്രി ചീഫ് ജസ്റ്റിസായിരുന്നത്.
1957 ൽ ജനിച്ച ജസ്റ്റിസ് ലളിത്, 1983 ൽ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 2014 ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുന്‍പ്, 2ജി കേസിന്റെ വിചാരണയിൽ സി ബി ഐയുടെ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിരുന്നു.