ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ എസ്‌സി/എസ്‌ടി വിഭാഗത്തിൽ പെടുന്ന ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം പാലിക്കണമെന്ന് സുപ്രീം കോടതി. ഇത് നിയമവിധേയമാണെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാനും അനുമതി നൽകി.

ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.  വിവിധ ഹൈക്കോടതികളുടെയും 2015 ൽ സ്ഥാനക്കയറ്റം സ്റ്റാറ്റസ് കൊ അനുസരിച്ചായിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെയും തന്നെ പശ്ചാത്തലത്തിൽ സ്ഥാനക്കയറ്റം നൽകാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് വാദിച്ചു.

എം നാഗരാജ കേസിൽ 2006 ൽ ജാതി സംവരണത്തിന് അടിസ്ഥാനമാക്കി വേണം സ്ഥാനക്കയറ്റമെന്ന നിലപാട് അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം നൽകുമ്പോൾ ക്രിമിലെയർ പരിധി എസ്‌സി/ എസ് ‌ടി വിഭാഗങ്ങളുടെ കാര്യത്തിൽ പരിഗണിക്കരുതെന്നാണ് ഈ വിധി.

1992 നവംബർ 16 മുതലിങ്ങോട്ട് എസ് സി , എസ് ടി വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റ സംവരണം റദ്ദ് ചെയ്ത ഡൽഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കേന്ദ്രസർക്കാർ കോടതിയെ സമീപിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ