ന്യൂഡല്‍ഹി : മൂന്ന് മാസം മുന്‍പ് തങ്ങള്‍ പത്രസമ്മേളനം നടത്തി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അടുത്ത ചീഫ് ജസ്റ്റിസ് ആയില്ലെങ്കില്‍ തങ്ങള്‍ അന്ന് ഉയര്‍ത്തിയ ഉത്കണ്ഠ സത്യമാകുമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തിയ മുതിര്‍ന്ന നാല് ജഡ്ജിമാരില്‍ ഒരാളാണ് ജെ ചെലമേശ്വര്‍.
ഹാര്‍വാര്‍ഡ് ക്ലബ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പറുമായ് നടത്തിയ ” ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്” എന്ന വിഷയത്തിലുള്ള സംഭാഷണത്തിനിടയിലായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ ഈ അഭിപ്രായ പ്രകടനം. ” അത് സംഭവിക്കില്ല എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് സംഭവിക്കുകയാണ് എങ്കില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങള്‍ പങ്കുവെച്ച അഭിപ്രായങ്ങളെ സാധൂകരിക്കുന്നതാകുമത്. ” ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
ജനുവരി 12നാണ് കോടതിയുടെ പ്രവര്‍ത്തനങ്ങളും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസുകള്‍ നല്കുന്ന രീതിയുമടക്കം വരുന്നതായ പല ചോദ്യങ്ങളും ഉന്നയിച്ചുകൊണ്ട് ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് ഗോഗോയി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് കുരിയന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ജസ്റ്റിസ് ചെലമേശ്വര്‍ ജൂണില്‍ വിരമിക്കാനിരിക്കെ സീനിയോറിറ്റിയില്‍ അടുത്തയാളാണ് ജസ്റ്റി ഗോഗോയി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കത്തെഴുതിയ നാലുപേരില്‍ ഒരാളെന്ന നിലയില്‍ സ്വാഭാവികമായ് അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ട ഗോഗോയി തഴയപ്പെടുമെന്ന് ഭയമുണ്ടോ എന്ന് കരണ്‍ ഥാപ്പര്‍ ചെലമേശ്വാറിനോട് ആരാഞ്ഞു.
ഞാനൊരു ‘ജ്യോത്സ്യനല്ല’ എന്നായിരുന്നു ചെലമേശ്വറിന്റെ ആദ്യ മറുപടി. മുന്‍പ് സംഭവിച്ചത് പോലെ ഗോഗോയിയുടെ സീനിയോറിറ്റി മറികടക്കപ്പെടുമോ എന്ന് ഥാപ്പര്‍ ചോദിക്കുന്നു. ബെഞ്ചുകള്‍ നിയമിക്കുന്നതിന്റെ ഉത്തരവാദിത്തം ചീഫ് ജസ്റ്റിസിനാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഭരണഘടനാ സംവിധാനത്തില്‍ അധികാരം എന്നത് ചില ഉത്തരവാദിത്തത്തിന്റെ കൂടെയാണ് വരിക. പൊതുസമൂഹത്തിന് ഗുണം ചെയ്യണം എന്നുള്ളതിനാലാണ് അധികാരങ്ങള്‍. ഒരാള്‍ക്ക് അധികാരമുണ്ട് എന്നുള്ളത് കൊണ്ട് മാത്രം അധികാരം ഉപയോഗിക്കുകയല്ല. സുപ്രീംകോടതി തന്നെ പലകുറി പറഞ്ഞിട്ടുള്ള കാര്യമാണിത്.. അധികാരം എന്നത് വിശ്വാസം കൂടിയാവണം. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
കൊളീജിയം ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട് എന്ന കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ അഭിപ്രായത്തെയും ജസ്റ്റിസ് ചെലമേശ്വര്‍ സ്വാഗതം ചെയ്തു. ” ജനാധിപത്യത്തില്‍ കാലാനുസൃതമായ ഓഡിറ്റിങ് അനിവാര്യമാണ്. നമ്മള് ശരിയായ രീതിയിലാണോ പുരോഗമിക്കുന്നത് എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.” വിരമിക്കലിന് ശേഷം താന്‍ സര്‍ക്കാരിന്റെ നിയമനങ്ങള്‍ക്ക് പിന്നാലെ പോകില്ലെന്നും രവി ശങ്കര്‍ പ്രസാദ് തറപ്പിച്ച് പറഞ്ഞു.