ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാർ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. 1999 ൽ ഹരിയാന-പഞ്ചാബ് ഹൈക്കോടതിയിൽ ന്യായാധിപനായാണ് ഇദ്ദേഹം സേവനം ആരംഭിക്കുന്നത്. പിന്നീട് 2009 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2010 ൽ കർണ്ണാടക ചീഫ് ജസ്റ്റിസായും ഇദ്ദേഹം പ്രവർത്തിച്ചു.

പഞ്ചാബ് സ്വദേശിയാണ് ജസ്റ്റിസ് ജഗദീഷ് സിംഗ് കെഹാർ. 2011 ലായിരുന്നു ഇദ്ദേഹം സുപ്രീം കോടതിയിൽ ജസ്റ്റിസായി ചുമതലയേറ്റത്. പിന്നീട് ഈ വർഷം ജനവരിയിലായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാക്കിയ സുപ്രീം കോടതി ബെഞ്ചിൽ അംഗമായിരുന്ന ഇദ്ദേഹം, ഇക്കാര്യത്തിൽ പക്ഷെ വിയോജനക്കുറിപ്പാണ് രേഖപ്പെടുത്തിയത്. എന്നാൽ അഞ്ചംഗ ബെഞ്ചിൽ മൂന്ന് അഭിഭാഷകർ മുത്തലാഖിനെതിരെ നിലപാടെടുത്തതോടെയാണ് വിധി പാസായത്.

അതേസമയം സ്വകാര്യത മൗലികാവകാശമാക്കിയ ചരിത്രവിധി വിരമിക്കുന്നതിന് ഒരു ദിവസം മുൻപ് മുഴുവൻ ഭാരതീയർക്കും സമ്മാനിച്ചാണ് ചീഫ് ജസ്റ്റിസിൻ്റെ പടിയിറക്കം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകും. തിങ്കളാഴ്ച ജസ്റ്റിസ് ദീപക് മിശ്ര പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ