ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദ്നി അപകടകാരിയായ വ്യക്തിയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ബെംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദ്നി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.
മഅദ്നി അപകടകരമായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്ന് മഅദ്നി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: കോവിഡിനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കാം; മാര്‍ഗങ്ങള്‍ ഇതാ
2014ൽ ജാമ്യം ലഭിച്ച ശേഷം ഒരു പരാതി പോലുമില്ലെന്ന് മഅദ്നിയുടെ അഭിഭാഷകൻ കോടതിക്ക് മറുപടി നൽകി. കേരളത്തിൽ പോകാൻ സുപ്രീം കോടതി തന്നെ രണ്ട് തവണ അനുമതി നൽകിയതും ചൂണ്ടിക്കാട്ടി.
മഅദ്നിയുമായി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവിൽ താൻ പരിഗണിച്ചിരുന്നോ എന്ന സംശയം ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയ്ക്കൊപ്പം കേസ് പരിഗണിച്ചിരുന്ന ബഞ്ചിലെ അംഗമായ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.