കേന്ദ്രത്തിന്റെ നിലവിലെ വാക്സിനേഷൻ നയം ഏകപക്ഷീയമല്ലെന്ന് സുപ്രീം കോടതി. ഒരു വ്യക്തിയെയും വാക്സിനേഷന് നിർബന്ധിക്കാൻ ആവില്ലെന്നും കോടതി പറഞ്ഞു.
വാക്സിനേഷൻ ട്രയലിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുറപ്പെടുവിച്ച വാക്‌സിൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകൾ സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. രാജ്യത്തിന്റെ നിലവിലെ വാക്സിൻ നയം ഏകപക്ഷീയമല്ലെന്ന് കോടതി വ്യക്തമാക്കി.
വാക്‌സിന്‍ എടുക്കാത്തവരില്‍നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്‌സിന്‍ എടുത്തവരില്‍നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ രേഖകളൊന്നും സംസ്‌ഥാന സർക്കാരുകളോ കേന്ദ്രസർക്കാരോ നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാക്‌സിൻ എടുക്കാത്തവർക്ക് സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്‌സിന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ നിലവിലെ കോവിഡ് പശ്ചാത്തലത്തിലേക്ക് മാത്രമാണ് ഈ നിര്‍ദേശമെന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റുപെരുമാറ്റച്ചട്ടങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.