ന്യൂഡല്‍ഹി: വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ (ഒആര്‍ഒപി) കുടിശ്ശിക നാല് ഗഡുക്കളായി നല്‍കാമെന്ന് പറഞ്ഞ് പ്രതിരോധ മന്ത്രാലയത്തിന് നിയമം കൈയിലെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ജനുവരി 20 ലെ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും കോടതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
മുന്‍ സൈനികര്‍ക്കുള്ള ഒആര്‍ഒപി കുടിശ്ശികയുടെ ഒരു ഗഡു നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കുടിശ്ശിക തീര്‍ക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് നിങ്ങള്‍ ജനുവരി 20ന് ഇറക്കിയ വിജ്ഞാപനം ആദ്യം പിന്‍വലിക്കൂ, സമയം നീട്ടി നല്‍കുന്ന കാര്യം അതിനു ശേഷം പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പര്‍ദിവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിന്റെ ജനുവരി 20 ലെ ആശയവിനിമയം വിധിക്ക് വിരുദ്ധമാണെന്നും ഒആര്‍ഒപി കുടിശ്ശിക നാല് ഗഡുക്കളായി നല്‍കുമെന്ന് ഏകപക്ഷീയമായി പറയാനാവില്ലെന്നും ബെഞ്ച് പറഞ്ഞു. അടയ്‌ക്കേണ്ട തുകയുടെ വ്യാപ്തി, സ്വീകരിക്കേണ്ട രീതികള്‍, കുടിശ്ശിക അടയ്ക്കുന്നതിനുള്ള മുന്‍ഗണനാ വിഭാഗം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്ന കുറിപ്പ് തയ്യാറാക്കാനും കോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു
സായുധ സേനയിലെ അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും ഒആര്‍ഒപി പദ്ധതിയുടെ കുടിശ്ശിക നല്‍കുന്നതിന് 2023 മാര്‍ച്ച് 15 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ജനുവരിയില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുടിശ്ശിക നല്‍കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗീകരണം ഉണ്ടായിരിക്കണമെന്നും പ്രായമായവര്‍ക്ക് ആദ്യം കുടിശ്ശിക നല്‍കണമെന്നും ആഗ്രഹിക്കുന്നു. വ്യവഹാരം ആരംഭിച്ചതിന് ശേഷം നാല് ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ മരിച്ചതായി ബെഞ്ച് പറഞ്ഞതായി, വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ ജനുവരി 20ലെ വിജ്ഞാപനം മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബാലാജി ശ്രീനിവാസന്‍ മുഖേന ഇന്ത്യന്‍ എക്സ്-സര്‍വീസ്മെന്‍ മൂവ്മെന്റ് (ഐഇഎസ്എം) സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.