ന്യൂഡൽഹി: ക്രിമിനൽ കേസിൽ പ്രതിയാക്കപ്പെടുന്നത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയാവില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസിൽപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണം എന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഫൗണ്ടേഷനാണ് പൊതുതാൽപര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കുറ്റം ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കാൻ കോടതിക്കാവില്ല. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരും ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. രാഷ്ട്രീയരംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാൻ കരുതൽ നടപടി വേണമെന്നും ഹർജി തീർപ്പാക്കി കൊണ്ട് കോടതി വ്യക്തമാക്കി.

രാഷ്ട്രീയ രംഗത്തെ ക്രിമിനൽ പശ്ചാത്തലം ഒഴിവാക്കുന്നതിനായി ഒരു മാർഗ്ഗരേഖയും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയരംഗത്ത് ക്രിമിനൽ സ്വാധീനം ഇല്ലാതാക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമ രൂപീകരണത്തിന്റെ സാധ്യത പരിശോധിക്കണം. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ട ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ അയാളുടെ നാമനിർദ്ദേശ പത്രികയിൽ ഇക്കാര്യം വ്യക്തമാക്കണം.

ഏതു പാർട്ടിയുടെ സ്ഥാനാർത്ഥിയായാണോ മത്സരിക്കുന്നത് ആ പാർട്ടി അവരുടെ വെബ്സൈറ്റിൽ ഇയാളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പ്രസിദ്ധപ്പെടുത്തണം. നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞാൽ പത്രങ്ങളിലും ടെലിവിഷനിലും സ്ഥാനാർത്ഥിയുടെ ക്രമിനൽ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ടുളള പരസ്യങ്ങളാവണം നൽകേണ്ടത് തുടങ്ങിയ മാർഗ്ഗരേഖയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ