ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ 12 ബി.ജെ.പി എംഎല്‍എമാരെ നിയമസഭയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടി സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കി. തീരുമാനം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സഭാ സമ്മേളനത്തിനപ്പുറം എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സസ്പെന്ഷന് റദ്ദാക്കിയ കോടതി, പ്രമേയങ്ങള്‍ നിയമത്തിന്റെ കണ്ണില്‍ ദുരുദ്ദേശ്യപരവും ഫലപ്രദമല്ലാത്തതും നിയമസഭയുടെ അധികാരത്തിന് അപ്പുറമുള്ളതാണെന്നും അഭിപ്രായപ്പെട്ടു.
സഞ്ജയ് കുട്ടെ, ആശിഷ് ഷെലാര്‍, അഭിമന്യു പവാര്‍, ഗിരീഷ് മഹാജന്, അതുല്‍ ഭട്ഖല്‍ക്കര്‍, പരാഗ് അലവാനി, ഹരീഷ് പിംപാലെ, യോഗേഷ് സാഗര്‍, ജയ് കുമാര്‍ റാവത്ത്, നാരായണ്‍ കുച്ചെ, രാം സത്പുതേ, ബണ്ടി ഭംഗ്ഡിയ എന്നീ എംഎല്‍എമാരെ കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനാണ് സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ ചേംബറില്‍ പ്രിസൈഡിങ് ഓഫീസര്‍ ഭാസ്കര്‍ ജാദവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇത്.
സുപ്രീം കോടതി വിധി മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരില്‍ ഒരാളായ ഗിരീഷ് മഹാജന് പറഞ്ഞു. വിധി നീതിയുക്തവും തെറ്റ് തിരുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
വിധിയെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വാഗതം ചെയ്തു. ”മഹാരാഷ്ട്ര നിയമസഭയില്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഒബിസികളുടെ ആവശ്യങ്ങള്‍ക്കായി പോരാടുന്ന 12 ബിജെപി എംഎല്‍എമാരുടെ സസ്പെന്ഷന് റദ്ദാക്കിയ ചരിത്രപരമായ തീരുമാനത്തിനു ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഈ തീരുമാനം ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കും. ഭരണഘടനാ വിരുദ്ധവും അധാര്‍മികവും അന്യായവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് എംവിഎ സര്‍ക്കാരിന്റെ മുഖത്തേറ്റ മറ്റൊരു ശക്തമായ അടിയാണ് ഇത്,”ഫഡ്നാവിസ് ട്വിറ്ററില്‍ കുറിച്ചു.
Also Read: യുഎസ്-കാനഡ അതിർത്തിക്ക് സമീപം തണുത്ത് മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു