ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരെ ബില്‍ക്കിസ് ബാനോ സമര്‍പ്പിച്ച ഹര്‍ജി 13 ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവള്പ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിക്കാനാണു സാധ്യത.
ഗുജറാത്ത് സര്‍ക്കാരാണു 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തത്. ശിക്ഷാ ഇളവ് തേടി പ്രതികളിലൊരാള്‍ ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്നു തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനു മേയ് 13നു നിര്‍ദേശം നല്‍കിയിരുന്നു. 1992 ജൂലായ് ഒന്‍പതിലെ നയം അനുസരിച്ച് ശിക്ഷ ഇളവ് ചെയ്യണമെന്ന ഹര്‍ജി രണ്ടു മാസത്തിനകം പരിഗണിക്കാനാണു ഗുജറാത്ത് സര്‍ക്കാരിനു സുപ്രീം കോടതി മേയ് 13നു നല്കിയ നിര്‍ദേശം. ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആശ്യപ്പെട്ടും ബില്‍ക്കിസ് ബാനോ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികളെ ഓഗസ്റ്റ് പതിനഞ്ചിനാണു ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നയപ്രകാരം ജയിലില്‍നിന്നു വിട്ടയച്ചത്. കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍, സുപ്രീം കോടതി നിര്‍ദേശിച്ച നിയമത്തിന്റെ ആവശ്യകത പൂര്‍ണമായി അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ യാന്ത്രികമായ ഉത്തരവ് പാസാക്കിയതായി ബില്‍ക്കിസ് ബാനോ ഹര്‍ജിയില്‍ ആരോപിച്ചു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളുടെ ശിക്ഷായിളവ് സമൂഹത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയെന്നും രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ക്കു കാരണമായെന്നും ഹര്‍ജിയില്‍ പറഞ്ഞു.
വന്‍തോതിലുള്ള ഇളവുകള്‍ അനുവദനീയമല്ലെന്നു മാത്രമല്ല, ഓരോ കുറ്റവാളിയെയും സംബന്ധിച്ച പ്രത്യേക വസ്തുതകളുടെയും കുറ്റകൃത്യത്തില്‍ അവര്‍ വഹിച്ച പങ്കിന്റെയും അടിസ്ഥാനത്തില്‍ വ്യക്തിഗതമായി കേസ് പരിശോധിക്കാതെ, അത്തരമൊരു ഇളവ് അവകാശമായി തേടാനോ അനുവദിക്കാനോ കഴിയില്ലെന്നു മുന്‍കാല വിധികളെ പരാമര്‍ശിച്ചുകൊണ്ട് ഹര്‍ജി ചൂണ്ടിക്കാട്ടി.
ഈ പെട്ടെന്നുള്ള സംഭവവികാസത്തില്‍ താനും മുതിര്‍ന്ന പെണ്മക്കളും മാത്രമല്ല ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ പൗരന്മാരെയും ഞെട്ടിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
”രാഷ്ട്രം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ശിക്ഷ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് മോചിപ്പിച്ച ഈ കുറ്റവാളികളെ ഹാരമണിയിച്ച് പൊതുസ്ഥലത്ത് ആദരിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഗര്‍ഭിണിയായ സ്ത്രീയെ ഒന്നിലധികം തവണ കൂട്ടബലാത്സംഗം ചെയ്ത ഈ രാജ്യം കണ്ട ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളിലൊന്നായ കുറ്റവാളികളുടെ (മൂന്നു മുതല്‍ 13 വരെയുള്ള പ്രതികള്‍) അകാല മോചനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത ഹര്‍ജിക്കാരിയും മുഴുവന്‍ രാജ്യവും ലോകവും അറിഞ്ഞത് ഇങ്ങനെയാണ്,” ഹര്‍ജിയില്‍ പറയുന്നു.
11 പ്രതികളെ ജയിലില്‍നിന്നു വിട്ടയച്ചശേഷം റഹിമാബാദില്‍നിന്ന് മുസ്ലീങ്ങള്‍ ഭയന്ന് പലായനം ചെയ്യാന്‍ തുടങ്ങിയതായും ഹർജിയില്‍ പറയുന്നു.
കുറ്റവാളികളുടെ മോചനത്തിനെതിരെ സി പി എം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, ലഖ്നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രൂപ് രേഖ വര്‍മ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
ഗോധ്രയില്‍ ട്രെയിനിനു തീവച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തിനിടെ ദഹോദ് ജില്ലയിലെ ലിംഖേഡ താലൂക്കില്‍ 2002 മാര്‍ച്ച് മൂന്നിനാണു ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയായത്. ബില്‍ക്കിസിന്റെ മൂന്നു വയസുള്ള മകള്‍ സലേഹ ഉള്‍പ്പെടെ ഏഴു പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയും ചെയ്തു. ബലാത്സംഗത്തിനിരയാകുമ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ബില്‍ക്കിസ് ബാനോ. ബില്‍ക്കിസ് വധഭീഷണി നേരിട്ടതിനെത്തുടര്ന്നാണു കേസ് വിചാരണ ഗുജറാത്തില്‍നിന്നു മഹാരാഷ്ട്രയിലേക്കു സുപ്രീം കോടതി മാറ്റിയത്.
കേസിന്റെ അന്വേഷണം സി ബി ഐക്കു കൈമാറുകയും വിചാരണ സുപ്രീം കോടതി ഗുജറാത്തില്‍നിന്നു മഹാരാഷ്ട്രയിലേക്കു മാറ്റുകയും ചെയ്തിരുന്നു. മുംബൈയിലെ പ്രത്യേക സി ബി ഐ കോടതി 2008 ജനുവരി 21ന് ജസ്വന്ത് നായ്, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നീ 11 പ്രതികള്‍ക്കു ജീവപര്യന്തം തടവ് വിധിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു.