ന്യൂഡൽഹി: ഭാരത് സ്റ്റേജ്- 3 (ബിഎസ് 3) വാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ വിൽക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഎസ് 3 വാഹനങ്ങളുടെ വില്‍പന നിരോധിച്ചത്. മലിനീകരണ നിയന്ത്രണ നിയമപ്രകാരമാണ് നടപടി.

ബി.എസ് 4നേക്കാള്‍ 80 ശതമാനം കൂടുതൽ മലിനീകരണമാണ് ബിഎസ് 3 വാഹനങ്ങള്‍ ഉണ്ടാക്കുന്നത്. ഇതേക്കുറിച്ച് പഠിച്ച സുപ്രീംകോടതിയുടെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

നിലവില്‍ സ്റ്റോക്കുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിരോധനത്തില്‍ ഇളവ് ആവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കളും ഡീലര്‍മാരും നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. 2010 മുതൽ 41 കമ്പനികളുടേതായി 13 കോടി ബി.എസ്.3 വാഹനങ്ങളാണ് നിർമിച്ചത്. ഇതിൽ 8.24 ലക്ഷം വാഹനങ്ങൾ വിൽക്കാതെയുണ്ടെന്നാണ് ഹര്‍ജിക്കാര്‍ അറിയിച്ചത്. എന്നാല്‍ വാണിജ്യതാല്‍പ്പര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

2010 മുതല്‍ ഇന്ത്യയിലെ 13 നഗരങ്ങളില്‍ ബിഎസ്-4 നടപ്പാക്കിയിരുന്നു. രാജ്യം മുഴുവന്‍ ഇത് നടപ്പാക്കുവാന്‍ സാധിക്കാതിരുന്നതിന് കാരണം ബിഎസ്-4 വാഹനങ്ങള്‍ക്കുള്ള പ്രത്യേക നിലവാരമുള്ള ഇന്ധനം എല്ലായിടത്തും ലഭ്യമല്ലാത്തതായിരുന്നു. ബിഎസ്-3 എന്‍ജിനുകളേക്കാള്‍ 80 ശതമാനം മലിനീകരണം കുറവാണ് ബിഎസ്-4ന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ