ന്യൂഡൽഹി: ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി ആർ.വി.രവീന്ദ്രന്റെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിർദേശിച്ചു. പെൺകുട്ടിയെ മതം മാറ്റിയതിനു പിന്നിൽ തീവ്രവാദികളാണെന്ന ആരോപണമാണ് എൻഐഎ അന്വേഷിക്കുക. നേരത്തെ കേസിലെ അന്വേഷണ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറണമെന്ന് സുപ്രീംകോടതി കേരള പൊലീസിന് നിർദേശം നൽകിയിരുന്നു.

ഹിന്ദുമത വിശ്വാസിയായ അഖില എന്ന പെൺകുട്ടിയാണ് മതം മാറി ഹാദിയ എന്ന പേര് സ്വീകരിച്ചശേഷം ഷഫീന്‍ ജഹാനെ വിവാഹം ചെയ്തത്. ഇതിനെതിരെ പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതി സമീപിക്കുകയായിരുന്നു. ഹാദിയയെ വിവാഹം കഴിച്ച യുവാവിനും മകൾ മതം മാറിയതിനു പിന്നിലും ഭീകരവാദ ബന്ധമുണ്ടെന്നാണ് ഹാദിയയുടെ പിതാവ് കോടതിയില്‍ ഉന്നയിച്ചത്. തുടർന്ന് ഹാദിയയും ഷഹീനും തമ്മിലുള്ള വിവാഹം മേയ് 24-ന് ഹൈക്കോടതി അസാധുവാക്കി. വിവാഹം റദ്ദാക്കിയ കോടതി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

ഇതിനുപിന്നാലെ ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും തടങ്കലിൽനിന്നും മോചിപ്പിച്ച് ഹാദിയയെ കോടതിയിൽ ഹാജരാക്കാൻ ഡിജിപിയോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷഫീൻ സുപ്രീംകോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook