ന്യൂ ഡല്‍ഹി : നഗരങ്ങളിലെ ദരിദ്രര്‍ക്കും വീടില്ലാത്തവര്‍ക്ക് രാത്രി പാര്‍പ്പിടങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി നിയോഗിച്ച പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കേന്ദ്രത്തിനു കോടതി നിര്‍ദേശം. ചൊവ്വാഴ്ച്ച ചേര്‍ന്ന സുപ്രീംകോടതി ബെഞ്ചാണ് സര്‍ക്കാരിനു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത, സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രസ്തുത റിപ്പോര്‍ട്ട്‌ കേന്ദ്ര ഭവന നിര്‍മ്മാണ, നഗര ദാരിദ്ര്യ ഉന്മൂലന മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം എന്ന് കേന്ദ്രത്തോടു അറിയിച്ചത്.

സംസ്ഥാനങ്ങളും കക്ഷിയായ വ്യവഹാരത്തില്‍ പാനല്‍ നിര്‍ദേശങ്ങളെ സുപ്രീംകോടതി വെബ്സൈറ്റില്‍ പങ്കുവെക്കാവുന്നതാണ് എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ ആദ്യം നിര്‍ദേശിച്ചിരുന്നത്. അതിനു തിരുത്തല്‍ വരുത്തികൊണ്ടാണ് ഇപ്പോള്‍ നഗര ദാരിദ്ര്യ ഉന്മൂലന മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലേക്ക് റിപ്പോര്‍ട്ട്‌ അപ്ലോഡ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ 11 നാണ് മുന്‍ ഡല്‍ഹി ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കൈലാഷ് ഗംഭീറിന്‍റെ അദ്ധ്യക്ഷതയിലുള്ള പാനലിനെ രാത്രിപാര്‍പ്പിടങ്ങളുടെ ലഭ്യതയെകുറിച്ചും അവ പ്രവര്‍ത്തിക്കുന്നത് മാർഗനിർദേശങ്ങൾക്കനുസൃതമായാണോ എന്നുമുള്ള പഠനത്തിനുമായി ചുമതലപ്പെടുത്തിയത്.

പാനലിനെ നിയോഗിക്കവേ നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ പാര്‍പ്പിടങ്ങള്‍ ഏര്‍പ്പെടുത്താത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. നഗരത്തിലെ വീടില്ലാത്തവരുടെ ദുരവസ്ഥയെകുറിച്ചു അഭിഭാഷകനായ ഇ.ആര്‍ കുമാര്‍ നല്‍കിയ പൊതുതാത്പര്യഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ