ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഭരണഘടനയ്ക്ക് കീഴിലുള്ള നിയമത്തില്‍ അന്തിമ വിധികര്‍ത്താവ് കോടതിയാണ്. അതിനാല്‍ കൊളീജിയം നിര്‍ദേശിക്കുന്ന എല്ലാ പേരുകളും സര്‍ക്കാര്‍ നിയമിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കൊളീജിയം സംവിധാനത്തെ വിമർശിക്കുന്ന കേന്ദ്രമന്ത്രിമാരോട് സ്വയം നിയന്ത്രിക്കാൻ ഉപദേശിക്കാൻ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയോട് ജസ്റ്റിസ് എസ്.കെ.കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു.
“കുറച്ച് നിയന്ത്രണം പാലിക്കാൻ നിങ്ങൾ അവരെ ഉപദേശിക്കണം,” കൊളീജിയം നിര്‍ദേശിക്കുന്ന പേരുകൾ അംഗീകരിക്കാത്തതിന് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ ബെംഗളൂരു നൽകിയ ഹർജി പരിഗണിക്കുന്ന ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
ഭരണഘടനാ പദവിയിലുള്ളവർ സുപ്രീം കോടതിക്ക് ജുഡീഷ്യൽ അവലോകനം നടത്താൻ അധികാരമില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകൻ വികാസ് സിങ്ങിന്റെ പ്രസ്താവനയ്ക്കും മറുപടി നല്കി. അടിസ്ഥാന ഘടന ഭരണഘടനയുടെ ഭാഗമല്ലെന്ന് നാളെ ആളുകൾ പറയുമെന്നായിരുന്നു ജസ്റ്റിസ് കൗൾ പ്രതികരിച്ചത്.
പേരെടുത്ത് പറഞ്ഞായിരുന്നില്ല കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ജഡ്ജിമാരെ നിയമിക്കുന്നതിനായി ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ (എൻജെഎസി) രൂപീകരിക്കാനുള്ള 2015ലെ തീരുമാനത്തെ വിമർശിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധങ്കറിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് കോടതിയുടെ പരാമർശങ്ങൾ.
ബുധനാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ രാജ്യസഭാ ചെയര്‍മാനെന്ന നിലയിലുള്ള കന്നി പ്രസംഗത്തിലായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ പരാമര്‍ശം. ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മിഷന് (എന്‍ ജെ എ സി) നിയമം റദ്ദാക്കിയ സുപ്രീം കോടതിയുടെ 2015 ലെ വിധി പരാമര്‍ശിച്ച അദ്ദേഹം, അതിനെ പാര്‍ലമെന്ററി പരമാധികാരത്തിന്റെ കടുത്ത വിട്ടുവീഴ്ചയുടെയും ‘ജനവിധി’ അവഗണിക്കുന്നതിന്റെയും പ്രത്യക്ഷ ഉദാഹരണം എന്നാണു വിശേഷിപ്പിച്ചത്.