ന്യൂഡൽഹി: കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഭാഗികമായി അടച്ചു. വീഡിയോ കോൺഫറൻസ് വഴി അത്യാവശ്യ കേസുകൾ പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലോയേഴ്സ് ചേംബർ ഇന്ന് വൈകീട്ട് 5 മണിക്ക് അടച്ച് സീൽ ചെയ്യും. അഭിഭാഷകർ കോടതിയിലേയ്ക്ക് വരുന്നതിനും വിലക്കുണ്ട്.
നാലാഴ്ച സുപ്രീം കോടതി അടച്ചിടണമെന്ന് അഭിഭാഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 16 മുതല്‍ കോടതി പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു.
Read More: ഇന്ത്യയിൽ 415 പേർക്ക് കോവിഡ്; നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി
അടിയന്തര സാഹചര്യങ്ങളിലൊഴികെ കേരള ഹൈക്കോടതിയും ഏപ്രിൽ 8 വരെ അടച്ചിടാൻ തീരുമാനിച്ചു. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. നാളെ മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും. അഡ്വക്കേറ്റ് ജനറലും അഭിഭാഷക അസോസിയേഷനും ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് നിയന്ത്രണങ്ങൾ വേണമെന്ന് അറിയിച്ചിരുന്നു.
അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിച്ചേക്കും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിര്‍ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുമില്ല.