ന്യൂഡൽഹി: ബഫർ സോൺ വിധിയിൽ സുപ്രീം കോടതി ഇളവ് വരുത്തി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവിലാണ് സുപ്രീം കോടതി ഭേദഗതി വരുത്തിയത്. ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റെന്റേതാണ് ഉത്തരവ്. അതേസമയം, ക്വാറി അടക്കമുളളവയ്ക്കും വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം തുടരും. കുടിയൊഴിപ്പിക്കൽ ഉണ്ടാവില്ല. കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇതോടെ ഇളവ് ലഭിക്കും.
2022 ജൂണ്‍ മൂന്നിനാണ് ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി പുറപ്പടുവിച്ചത്. 2011ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വന്യജീവി സങ്കേതങ്ങൾ ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫർ സോണാക്കി മാറ്റണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഈ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തത്.
കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും 6 ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
വന മേഖലയോട് ചേർന്ന് നടക്കുന്ന പ്രവർത്തനങ്ങൾ സംരക്ഷിത വനത്തിന് ദോഷകരമാകുന്ന സാഹചര്യമുണ്ടാക്കും. ഇത്തരം പ്രവർത്തനങ്ങൾ സംരക്ഷിത വനമേഖലയെ ബാധിക്കാതിരിക്കാൻ വനത്തിനും അതിന് പുറത്തുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെ നടത്താവുന്ന പ്രദേശങ്ങൾക്കും ഇടയിൽ വരുന്ന നിശ്ചിത വിസ്തീർണ്ണമുള്ള പ്രദേശമാണ് പരിസ്ഥിതി ലോലപ്രദേശം (ഇക്കോ സെൻസിറ്റീവ് സോൺ) അഥവാ ബഫർ സോൺ എന്ന് അറിയപ്പെടുന്നത്.