ന്യൂഡൽഹി: കോടതി നടപടികൾ തത്സമയം പ്രദർശിപ്പിക്കുന്നതിനുളള ചരിത്രപരമായ തീരുമാനവുമായി സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും മറ്റും വേഗത്തിൽ തയ്യാറാക്കുമെന്നും സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. കോടതി നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതിനും വാദികളുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനും ഊന്നൽ നൽകിയുളളതാവും നിയമനിർമ്മാണം.

“സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി. കോടതിയിൽ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾ നേരിട്ട് കണ്ട് അറിയട്ടെ,” തത്സമയ പ്രദർശനം അനുവദിച്ച് സുപ്രീം കോടതി പറഞ്ഞു. കോടതി നടപടികളുടെ തത്സമയ ചിത്രീകരണം വർത്തമാനകാലത്തെ ആവശ്യമായി നേരത്തെ തന്നെ കോടതി വിശദീകരിച്ചിരുന്നു.

കേസിൽ സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ഈ പദ്ധതി ആദ്യം ഭരണഘടന ബെഞ്ച് കൈകാര്യം ചെയ്യുന്ന കേസുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ പരീക്ഷണ ഘട്ടമായി ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വിജയം അനുസരിച്ചാവും മറ്റ് കോടതികളിലേക്ക് കൂടി തത്സമയ സംപ്രേഷണ പദ്ധതി വ്യാപിപ്പിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. തത്സമയ പ്രക്ഷേപണത്തിന് പകരം 70 സെക്കന്റ് താമസിച്ച് കോടതി നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്, നിയമ വിദ്യാർത്ഥി സ്നേഹിൽ ത്രിപദി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ