ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ജൂൺ ആറ് വരെ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയ്ക്കു സുപ്രീം കോടതി അനുമതി നല്‍കി. നടുവിലെ സീറ്റിലുൾപ്പടെ യാത്രക്കാർക്ക് ഉപയോഗിക്കാമെന്ന തരത്തിലാണ് അനുമതി. അതേസമയം, വാണിജ്യ വിമാന കമ്പനികളുടെ ആരോഗ്യത്തേക്കാൾ പൗരന്മാരുടെ ആരോഗ്യത്തെക്കുറിച്ച് സർക്കാർ കൂടുതൽ ആശങ്കപ്പെടണമെന്ന് സുപ്രീം കോടതി പറഞ്ഞു.

ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും എയർ ഇന്ത്യയും സമർപ്പിച്ച ഹർജിയിന്മേൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.

Also Read: ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി; കൊച്ചിയിൽ നിന്ന് ആദ്യ വിമാനം പറന്നു

വീഡിയോ കോൺഫറൻസിങ്ങിലൂടെ ഈദ് അവധി ദിനത്തിൽ അടിയന്തര വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്‌.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ച് ഡി‌ജി‌സി‌എ സർക്കുലറുകൾക്കെതിരായ ഹർജി വേഗത്തിൽ പരിഗണിക്കാൻ ബോംബെ ഹൈക്കോടതിക്ക് നിർദേശം നൽകി. വിമാനത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പടെയുള്ള സുരക്ഷ മുൻകരുതലുകളെക്കുറിച്ചുള്ളതാണ് സർക്കുലർ.

നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന ഡിജിസിഎ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് ആയ ദേവേന്‍ യോഗേഷ് കനാനിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാര്‍ഗനിര്‍ദേശം അസാധുവാണെന്ന് എയര്‍ ഇന്ത്യ കോടതിയെ അറിയിച്ചു. എന്നാല്‍ സീറ്റ് നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ബോംബൈ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്.

Also Read: ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അതേസമയം, രണ്ടു മാസത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി. ഡൽഹിയിൽ നിന്ന് 380 സർവീസുകൾ ആണ് ഇന്നുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സർവീസുകൾ കേരളത്തിലേക്ക് ആണ്. വ്യോമയാന മന്ത്രാലയവും എയർലൈൻസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ വിമാനത്താവളത്തിലേക്ക് 25 സർവീസുകൾ മാത്രമേ പ്രതിദിനം ഉണ്ടായിരിക്കുകയുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook