ന്യൂഡൽഹി: ഷഹീൻബാഗ് സമരത്തിനെതിരെ സുപ്രീം കോടതി. പൊതുസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശംവച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഷഹീൻബാഗിലെ പ്രതിഷേധത്തിന്റെ സമയത്ത് റോഡ് തടസപ്പെടുത്തിയ വിഷയത്തിലെ വിവിധ ഹർജികൾ ഒന്നിച്ചു പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

പ്രതിഷേധങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ അനുവദിക്കാനാകൂയെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങൾ കൈയേറിയുള്ള സമരം സ്വീകാര്യമല്ലെന്നും ഇത്തരം സമരങ്ങൾക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാൽ, ഷഹീൻബാഗ് സമരത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി വാക്കാൽ വിമർശിച്ചു.

Read Also: പ്രതീക്ഷയുണ്ട്, കോവിഡ് വാക്‌സിൻ ഈ വർഷം അവസാനത്തോടെ പുറത്തിറക്കാൻ സാധിച്ചേക്കും: ലോകാരോഗ്യസംഘടന

“പൊതുസ്ഥലങ്ങളിൽ തടസമുണ്ടാകാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണം. പൊതു നിരത്ത് തടഞ്ഞുകൊണ്ട് പ്രതിഷേധിക്കരുത്. കോടതി വിധി വരുന്നതുവരെ ഭരണകൂടം കാത്തിരിക്കരുത്. പൊതുയോഗങ്ങളും പ്രതിഷേധങ്ങളും വിലക്കരുത്. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായിരിക്കണം പ്രതിഷേധങ്ങൾ നടക്കേണ്ടത്. ജനങ്ങളുടെ യാത്ര ചെയ്യാനുള്ള അവകാശം അനിശ്ചിതമായി വെട്ടിച്ചുരുക്കാൻ ആർക്കും അധികാരമില്ല” കോടതി പറഞ്ഞു.

ജസ്റ്റിസ് എസ്.കെ.കൗള്‍ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേട്ടത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ പോലെ സുപ്രധാനമാണ് ജനങ്ങൾക്ക് വഴി നടക്കാനുള്ള അവകാശവും എന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Read Also: മോദിയെ കൊല്ലൂ എന്ന് പറയാനാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്; ഷഹീൻ ബാഗിനെതിരെ സ്മൃതി ഇറാനി

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് ഡൽഹിയിലെ ഷഹീൻബാഗിൽ വലിയ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം ദിവസങ്ങളോളം പ്രതിഷേധം തുടർന്നു. ഈ പ്രതിഷേധ പരിപാടികൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളും ഷഗീൻബാഗ് സമരത്തിൽ പങ്കെടുത്തിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook