ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി സഹ ജഡ്ജിമാർ. സുപ്രീംകോടതിയുടെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യം തകരുമെന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മഥൻ വി ലോക്കൂർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയി എന്നിവാണ് വെളിപ്പെടുത്തലുമായി പുറത്ത് വന്നത്.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തുന്നത്. 4 ജഡ്ജിമാർ കോടതി വിട്ട് പുറത്തിറങ്ങി വാർത്ത സമ്മേളനം വിളിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേത്രത്വത്തിലുളള ജഡ്ജിമാരാണ് കോടതി നിർത്തിവെച്ച് വാർത്താസമ്മേളനം വിളിച്ചത്.

ഞങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് ആരും പറയരുതെന്ന് പറഞ്ഞാണ് കടുത്ത വിമര്‍ശനങ്ങളിലേക്ക് ജഡ്ജിമാര്‍ കടന്നത്. പ്രതിഷേധം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യമേറ്റുന്നു. ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു.

ജനാധിപത്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണ് തങ്ങളുടെ ശ്രമമെന്നും നാളെ ജനങ്ങൾ ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നതെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.

ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ചീഫ് ജസ്റ്റിസിന് നാലുപേരും കൂടി ഒപ്പിട്ട കത്ത് നല്‍കി. നേരിട്ടു കാണുകയും ചെയ്തു. ഒരു കാര്യം ശരിയായ രീതിയില്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടെന്ന് ജഡ്ജിമാര്‍ പറഞ്ഞു.

Supreme court judge Justice Jasti Chelameswar, Justice Kurian Joseph

കൊളീജിയത്തിന്‍റെയും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെയും പ്രവർത്തനത്തിൽ നേരത്തെ തന്നെ ഒരു വിഭാഗം ജഡ്ജിമാർ അതൃപ്തരായിരുന്നു. കേസുകൾ വിവിധ ബെഞ്ചുകൾക്ക് നൽകുന്നതിലും കൊളീജിയത്തിന്‍റെ പ്രവർത്തനത്തിലും സുതാര്യതയില്ലെന്നായിരുന്നു അതൃപ്തരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസിന് തന്നെ ജസ്റ്റീസ് ചലമേശ്വർ നേരത്തെ കത്ത് നൽകിയിരുന്നു.

“ചീഫ് ജസ്റ്റിസ് ബെഞ്ചുകൾ രൂപീകരിക്കുന്നതിന് തന്റെ ശക്തി ഉപയോഗിക്കുന്നുണ്ട്, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന രീതിയിലാണ് കേസുകൾ അനുവദിക്കുന്നത്” എന്നായിരുന്നു മുത്രിന്ന സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവേയുടെ പ്രതികരണം.

” അവരെ വിമര്‍ശിക്കാന്‍ നമുക്കാവില്ല. വളരെ സത്യസന്ധരായ അവരോരുത്തരും നിയമവ്യവസ്ഥയ്ക്കായി തങ്ങളുടെ കരിയറില്‍ ഒരുപാട്
വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുള്ളവരാന്. അവരെ നമ്മള്‍ ബഹുമാനിക്കെണ്ടിയിരിക്കുന്നു. ഈ നാല് സുപ്രീംകോടതി ജഡ്ജുമാറും ഒരേ അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നുകൊണ്ട് മുന്നോട്ട് പോകണം എന്ന കാര്യം ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്.” എന്നായിരുന്നു ഇതുസംബന്ധിച്ച് ബിജെപി എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ