ഹൈദരാബാദ്: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ അതൃപ്തി അറിയിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി പരമോന്നത കോടതിയാകാം, പക്ഷെ തെറ്റുപറ്റാത്തവരല്ലെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.

”വിധിയില്‍ തൃപ്തനല്ല. സുപ്രീം കോടതി പരമോന്നതരാണ്. പക്ഷെ തെറ്റുപറ്റാത്തവരല്ല. ഭരണഘടനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. ഞങ്ങളുടെ അവകാശത്തിന് വേണ്ടിയാണ് പോരാടുന്നത്. ദാനമായി അഞ്ച് ഏക്കര്‍ ഭൂമി ഞങ്ങള്‍ക്ക് വേണ്ട. നമ്മള്‍ ആ വാഗ്‌ദാനം നിരസിക്കണം” ഒവൈസി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസിനെതിരേയും ഒവൈസി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് അവരുടെ യഥാർഥ നിറം കാണിച്ചു. കോണ്‍ഗ്രസിന്റെ വഞ്ചനയില്ലായിരുന്നുവെങ്കില്‍ 1949 ല്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കില്ലായിരുന്നു. രാജീവ് ഗാന്ധി പൂട്ട് തുറന്നില്ലായിരുന്നുവെങ്കില്‍ അന്നും പള്ളി അവിടെ ഉണ്ടാകുമായിരുന്നു. നരസിംഹ റാവു തന്റെ ചുമതല നിര്‍വഹിച്ചിരുന്നുവെങ്കില്‍ പള്ളി അവിടെയുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു കോൺഗ്രസ്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ കോൺഗ്രസ് എപ്പോഴും അനുകൂലിച്ചിരുന്നു. ഇപ്പോൾ സുപ്രീം കോടതി വിധി വന്നിരിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

Read More:അയോധ്യ കേസ്: സുപ്രീം കോടതി വിധിയുടെ പ്രധാന ഭാഗങ്ങൾ

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook