ന്യൂഡല്‍ഹി: കത്തുവയില്‍ എട്ടു വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. നമ്മുടെയൊക്കെ കുടുംബത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായാല്‍ നിങ്ങള്‍ നോക്കിക്കൊണ്ട് നില്‍ക്കുമോ അതോ സഹായിക്കുമോ എന്ന് കോഹ്ലി ചോദിച്ചു. ഒരു പെണ്‍കുട്ടി ഇത്തരത്തിലുളള പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇത് നിസ്സാരമായ കാര്യം പോലെയാണ് ജനങ്ങള്‍ നോക്കി നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പെണ്‍കുട്ടിയെ ബലാത്കാരം ചെയ്യുന്നത് തങ്ങളുടെ അവസരമാണെന്ന് കാണുന്നതും അധികാരത്തിലിരിക്കുന്നവര്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതും ഭീകരമാണെന്ന് കോഹ്ലി കൂട്ടിച്ചേര്‍ത്തു. നമ്മുടെ ചിന്തകളില്‍ മാറ്റം വരുത്തി നമ്മുടെ കുടുംബത്തിനാണ് ഈ ദുര്‍വിധി വരുന്നതെന്ന് ആലോചിച്ച് നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും ശക്തമായ ഭാഷയിലൂടെ കൊലപാതകത്തെ അപലപിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും സാംസ്കാരിക സാമൂഹിക രംഗത്തുള്ളവരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
കായിക താരങ്ങളായ ഗൗതം ഗംഭീര്‍, സാനിയ മിര്‍സ, സെവാഗ്, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, റിച്ച ചദ്ധ, സ്വര ഭാസ്കര്‍ തുടങ്ങി നിരവധിപ്പേര്‍ സംഭവത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തി.

കത്വ ജില്ലയിലെ ക്ഷേത്രത്തിനകത്തുവെച്ചാണ് അസിഫ ക്രൂര ബലാത്സംഗത്തിന് ഇരയാകുന്നത്. കേസിലെ മുഖ്യപ്രതി വിരമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം കുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി കഴുത്ത് ഞെരിച്ചും തലയില്‍ കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടിയ്ക്ക് വേണ്ടിയല്ല ജമ്മുകാശ്മീരില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ദേശീയ പതാകയും കൈയ്യിലേന്തി ജയ് ശ്രീറാം വിളികളുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി മന്ത്രിമാര്‍ ഉള്‍പ്പടെ പ്രതികള്‍ക്കായി തെരുവിലിറങ്ങുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ