ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും സുഹൃത്തുക്കളും ചേര്‍ന്ന് ഹിമാലയത്തില്‍ ധ്യാനകേന്ദ്രം പണിയുന്നു. യോഗാനന്ദ സദ്സംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ധ്യാനകേന്ദ്രം നിര്‍മ്മിച്ച് നല്‍കുന്നത്.

യോഗിപരമഹംസ യോഗാനന്ദ സ്ഥാപിച്ച ആത്മീയ സംഘടനയാണ് ‘യോഗദാ സത് സംഗ സൊസൈറ്റി ഓഫ് ഇന്ത്യ’. അദ്ദേഹത്തിന്റെ ആത്മകഥയായ യോഗിയില്‍ വിവരിക്കുന്ന ‘മഹാവതാര്‍ ബാബാജി’ വിശ്രമിച്ചിരുന്ന ദുനഗിരി ഗുഹകളുടെ സമീപമാണ് രജനീകാന്തും സുഹൃത്തുക്കളും ചേർന്ന് ആശ്രമം നിര്‍മ്മിക്കുന്നത്. ഒരു പതിറ്റാണ്ടായി രജനീകാന്തും സുഹൃത്തുക്കളും ഈ ഗുഹാ മേഖലകളില്‍ സ്ഥിരം സന്ദര്‍ശകരാണ്.

ഒരു കോടി രൂപയാണ് ആശ്രമം നിര്‍മ്മിക്കുന്നതിനായി ചെലവഴിക്കുന്നത്. ഇവിടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്നും നവംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും സുഹൃത്തുക്കളിലൊരാളായ വിശ്വനാഥ് പറയുന്നു. 2002ലാണ് ഈ ഗുഹയില്‍ വച്ച് രജനീകാന്തിനെ സുഹൃത്തുക്കള്‍ കണ്ട് മുട്ടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ