ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം ശിപാര്‍ശ ചെയ്ത പേരുകളില്‍ തീരുമാനമെടുക്കുന്നതില്‍ സുപ്രീം കോടതി നിശ്ചയിച്ച സമയക്രമം പാലിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍. അറ്റോര്‍ണി ജനറല്‍ ആര് വെങ്കിട്ടരമണിയാണ് ഇക്കാര്യം ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചത്.
”സമയപരിധിയില്നിന്നു വ്യതിചലിക്കാന്‍ പാടില്ല. സമയക്രമത്തിന് അനുസൃതമായുള്ള തീരുമാനത്തിന് എല്ലാ ശ്രമങ്ങളും നടക്കുന്നു. ഹൈക്കോടതികള്‍ അടുത്തിടെ അയച്ച ചില ശിപാര്‍ശകള്‍ പെരിശോധിച്ചുവരികയാണ്്. അതില്‍ 44 ശിപാര്‍ശകള്‍ മിക്കവാറും ശനിയാഴ്ചയോ വാരാന്ത്യത്തിലോ അംഗീകരിക്കപ്പെടും,”അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
പേരുകളല്ല, പ്രക്രിയയാണു താന്‍ വ്യക്തിപരമായി നോക്കുന്നതെന്ന് എ ജി പറഞ്ഞു. ബെഞ്ച് ഇക്കാര്യം ഉത്തരവില്‍ രേഖപ്പെടുത്തി.
”വിധിയില്‍ പറഞ്ഞിരിക്കുന്ന സമയക്രമം സര്‍ക്കാര്‍ പാലിക്കുമെന്നണെു തനിക്കു ലഭിച്ച നിര്‍ദേശമെന്ന് എ ജി പറയുന്നു. സര്‍ക്കാരിന്റെ പരിഗണനയിലുള്ള, ഹൈക്കോടതി കൊളീജിയങ്ങള്‍ നല്കിയ 104 ശിപാര്‍ശകളില്‍ 44 എണ്ണം നടപടികള്‍ പൂര്‍ത്തിയാക്കി വാരാന്ത്യത്തോടെ സുപ്രീം കോടതിയിലേക്ക് അയയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് ആ ലക്ഷ്യത്തോടെയാണ്,” ബെഞ്ച് പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനുള്ള ശിപാര്ശകളിന്മേല് തീരുമാനം വൈകുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. ഇതിനെ ‘വളരെ ഉത്കണ്ഠാജനകമായ കാര്യം’ എന്ന് വിളിച്ച ജസ്റ്റിസ് കൗള്‍, രണ്ട് പേരുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെയും എട്ടു പേരുകള്‍ നവംബര്‍ 22 അവസാനത്തോടെയും അയച്ചതായി ചൂണ്ടിക്കാട്ടി.
”ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്. സെപ്തംബര്‍ അവസാനവും നവംബര്‍ അവസാനവും സമര്‍പ്പിച്ചതാണ് ഇവ. സത്യസന്ധമായി, ഇതില്‍ സര്‍ക്കാരിന്റെ പങ്ക് വളരെ പരിമിതമാണ്. നീതിന്യായ വ്യവസ്ഥയില്‍ ചിലരെ സ്ഥലം മാറ്റണമെന്ന് തോന്നിയാല്‍ കൊളീജിയം അങ്ങനെ ചെയ്യുന്നു. ഇതില്‍ തീരുമാനം വൈകുന്നതു പിന്നില്‍ മറ്റു ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന തെറ്റായ സൂചനയാണു നല്‍കുന്നത്. കൊളീജിയത്തിന് ഇത് അംഗീകരിക്കാനാവില്ലെന്നു ഞാന്‍ പറയും,” ജസ്റ്റിസ് കൗള്‍ പറഞ്ഞു.
അക്കാര്യം തനിക്കും വളരെ ശക്തമായി തോന്നുവെന്നും വിഷയം താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നം എ ജി പറഞ്ഞു.