ന്യൂഡൽഹി: കോവിഡ് -19 രോഗവ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വമേധയാ കോടതി പരിഗണിച്ചത് ഹൈക്കോടതിയിലെ കേസുകൾക്ക് പകരമായിട്ടല്ലെന്നും ഒരു ദേശീയ ദുരന്തമുണ്ടാവുമ്പോൾ മൂകസാക്ഷിയായിരിക്കാൻ കഴിയാത്തതിനാലെന്നും സുപ്രീം കോടതി. കോവിഡ്-19 സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശീയ നയം ആവിഷ്കരിക്കുന്നത് സംബന്ധിച്ചാണ് സുപ്രീം കോടതി സ്വമേധയാ ഇടപെടൽ നടത്തിയത്.
കോവിഡ് -19 നെതിരായ ഓക്സിജൻ, മരുന്നുകൾ, വാക്സിനുകൾ എന്നിവയുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എൽ.നാഗേശ്വര റാവു, എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. ഒരു ഹൈക്കോടതിയും അവരുടെ അധികാരം ഉപയോഗിക്കുന്നത് തടയാൻ സുപ്രീം കോടതി ആഗ്രഹിക്കുന്നില്ലെന്നും പകരം സഹായകമായ തരത്തിൽ ഇടപെടാനും അവർക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ സഹായിക്കാനുമാണ് ശ്രമിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
Read More: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഇല്ല; ഹർജികൾ ഹൈക്കോടതി തീർപ്പാക്കി
“ഇത് പരിശോധിക്കാൻ ഹൈക്കോടതികൾക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ട്, എന്നാൽ ദേശീയമോ വ്യവസ്ഥാപരമോ ആയ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ സുപ്രീം കോടതിയും ഇടപെടേണ്ടതുണ്ട്, ദേശീയ പ്രതിസന്ധിയുടെ സമയത്ത് സുപ്രീം കോടതിക്ക് മൂക സാക്ഷിയാവാൻ കഴിയില്ല,” ബെഞ്ച് പറഞ്ഞു.
“ഹൈക്കോടതിയായാലും സുപ്രീം കോടതിയായാലും ഏതെങ്കിലും ഭരണഘടനാ കോടതിയെ കേന്ദ്രം ഒരിക്കലും എതിർക്കില്ല,” എന്ന് ഇതിന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. “ഞങ്ങൾ ആരുടെയും അധികാരപരിധി ചോദ്യം ചെയ്യുന്നില്ല. ഞങ്ങൾ സ്വീകരിച്ച നടപടികൾ നിങ്ങൾ പരിശോധിക്കണം. തയ്യാറെടുപ്പിന്റെ ചില പ്രശ്നങ്ങളുണ്ട്,” കോടതി പറഞ്ഞു.
കേസിൽ അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിക്കുകയും ചെയ്തു.
Read More: കോവിഡ് വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മിഷൻ; കൊലക്കുറ്റം ചുമത്താം: മദ്രാസ് ഹൈക്കോടതി
വിവിധ നിർമ്മാതാക്കൾ വാക്സിനുകൾക്ക് വിവിധ വില ഈടാക്കുന്ന വിഷയം സുപ്രീംകോടതി ഉന്നയിക്കുകയും ഇതിനായി എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് കേന്ദ്രത്തോട് ആരായുകയും ചെയ്തു. “വാക്സിനേഷന്റെ വില സംബന്ധിച്ച് വിവിധ നിർമ്മാതാക്കൾ വ്യത്യസ്ത വിലകൾ പറയുന്നു. പേറ്റന്റ് നിയമത്തിലെ സെക്ഷൻ 6 പ്രകാരം അധികാരങ്ങളുണ്ട്. ഇതൊരു മഹാമാരിയും ദേശീയ പ്രതിസന്ധിയുമാണ്,”സുപ്രീം കോടതി പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
വാക്സിനുകളുടെ വിലയുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡ് ബെഡ്ഡുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ആവശ്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും റെംഡെസിവിർ, ഫാവിപ്രിവീർ എന്നിവയുൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്രം വ്യക്തമാക്കാണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
Read More: ‘യാചിക്കാം, കടം വാങ്ങാം, മോഷ്ടിക്കാം;’ എങ്ങനെയെങ്കിലും ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് കോടതി
തന്നെ സഹായിക്കുന്ന നിരവധി പേരെ കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സത്യവാങ്മൂലം സമർപ്പിക്കാൻ വെള്ളിയാഴ്ച വരെ സമയം തേടി.
കോവിഡിനെതിരെ പോരാടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ സത്യവാങ്മൂലം സമർപ്പിക്കാൻ ബെഞ്ച് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ഈ വിഷയത്തിൽ വീണ്ടും വാദം കേൾക്കും.