ഇന്‍ഡോര്‍: എത്രയൊക്കെ പുരോഗമനം കൈവരിച്ചെന്ന് പറഞ്ഞാലും ഇന്നും പലരുടേയും മനസില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉറച്ച് നില്‍ക്കുന്നുവെന്നു പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. അതിനുള്ള തെളിവാണ് ബോളിവുഡ് താരം സണ്ണി ലിയോണിനോടുള്ള പലരുടേയും സമീപമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ബഹുമാനം അര്‍ഹിക്കുന്ന നടിയാണ് സണ്ണി ലിയോണെന്നും പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പറഞ്ഞു. മധ്യപ്രദേശില്‍ തിരഞ്ഞൈടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെ കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തുകൊണ്ടാണ് സണ്ണി ലിയോണിനെ അവരുടെ പഴയ ഇമേജില്‍ മാത്രം കാണാന്‍ ശ്രമിക്കുന്നത്? പ്രമുഖ നടിമാരായ നര്‍ഗിസിനെയും ശ്രീദേവിയേയും മാധുരി ദീക്ഷിതിനെയും പോലെ അവരെയും സ്വീകരിക്കണം. സണ്ണി ലിയോണിനെ ഒരു പോണ്‍ നായിക എന്ന ലേബലില്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല.’ പട്ടേല്‍ പറയുന്നു.

അതേസമയം, ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു ഹാര്‍ദിക്. അധികാരത്തിന് അത്യാര്‍ത്തിയുള്ള പാര്‍ട്ടിയാണ് ബിജെപി എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ അടുത്ത മാസം മധ്യപ്രദേശില്‍ ഉടനീളം യാത്ര എന്ന പേരില്‍ ക്യാംപെയ്ന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ പിന്നീട് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ