ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ബ്രിജേഷ് ഹോസ്‌പിറ്റലിലാണ് നടിയെ പ്രവേശിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ സ്‍പ്ലിറ്റ്‌സ വില്ലയുടെ ചിത്രീകരണം നടക്കുമ്പോഴാണ് നടിയെ ആശുപത്രിയിലെത്തിച്ചത്.

വ്യാഴാഴ്‌ച രാത്രിയോടെ സണ്ണിയെ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയാണ് ആന്ത്രവീക്കമാണെന്ന് കണ്ടെത്തിയത്. വെളളിയാഴ്‌ച വൈകിട്ടോ ശനിയാഴ്‌ചയോ നടിയ്‌ക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. വ്യാഴാഴ്‌ച രാത്രി 11.30ഓടെയാണ് നടി ആശുപത്രിയിലെത്തിയതെന്ന് ഡോക്‌ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു. തങ്ങള്‍ നടിയെ നിരീക്ഷിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ ശ്രദ്ധയും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വയറിന് കഠിനമായ വേദനയും പനിയും കൊണ്ടാണ് സണ്ണി ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച് വരികയാണ്. എല്ലാ ശ്രദ്ധയും ഞങ്ങള്‍ കൊടുക്കുന്നുണ്ട്’, ഡോക്‌ടര്‍ വ്യക്തമാക്കി. യാത്ര ചെയ്‌തത് കാരണം വയറ് വേദനയായിരിക്കുമെന്നാണ് ഡോക്‌ടര്‍മാര്‍ ആദ്യം കരുതിയിരുന്നത്.

സ്‍പ്ലിറ്റ്സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണത്തിനായാണ് നൈനിറ്റാള്‍ ജില്ലയിലെ രാംനഗറില്‍ സണ്ണി ലിയോണ്‍ എത്തിയത്. ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ. പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയാക്കുന്നത്. ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.

ഏത് പ്രായക്കാർക്കും ഹെർണിയ വരാം. നവജാത ശിശുക്കൾ മുതൽ പ്രായം ചെന്നവർക്കുവരെ. ഇതൊരു മുഴ പോലെ തോന്നും. തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം. അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിർത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്‌തരങ്ങളുമൊക്കെയാണ്. ഈ പേശികൾ ദുർബലമാകുന്നത് ചിലപ്പോൾ ജന്മനായുള്ള തകരാറാവാം. ശരീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെർണിയ സാധ്യത കൂട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook