ശ്രീനഗർ: ജമ്മു കശ്മീരിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരുക്കേറ്റു. ജമ്മു കശ്മീരിലെ സുൻജ്വാൻ സൈനിക ക്യാംപിനുനേരെ ഇന്നു പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്നാണ് സംശയം.
പുലർച്ചെ 5 മണിയോടെ സൈനിക ക്യാംപിലെ ജവാന്മാരുടെ ക്വാർട്ടേഴ്സിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നോ നാലോ ഭീകരർ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ ജൂനിയർ കമ്മിഷണർ ഓഫീസർ മദൻ ലാൽ ചൗധരിക്കും മകൾക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ മദൻ ലാൽ പിന്നീട് മരണത്തിന് കീഴടങ്ങി.

ആർമി ക്യാംപിനകത്ത് ഇപ്പോഴും ഭീകരർ ഒളിച്ചിരിക്കുകയാണെന്നും സ്ഥലം മുഴുവൻ സൈനികർ വളഞ്ഞതായും വിവരമുണ്ട്. എന്നാൽ ഭീകരർ ഒളിഞ്ഞിരിക്കുന്നത് എവിടെയാണെന്ന് സൈന്യത്തിന് കണ്ടെത്താനായിട്ടില്ല. ഭീകരർക്കായുളള തിരച്ചിൽ സൈന്യം തുടരുകയാണ്.