ശ്രീനഗർ: സുഞ്ജു‌വാനിൽ സൈനിക ക്യാംപിന് നേരെ ഇന്ന് പുലർച്ചെ നടന്ന ആക്രമണം ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയതെന്ന സംശയത്തിലാണ് എത്തിനിൽക്കുന്നത്. സംഭവത്തിൽ ഇതുവരെ രണ്ട് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. നാല് പേർക്കാണ് പരുക്കേറ്റത്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റി ഒരു വർഷം തികഞ്ഞ ഇന്നലെ ഭീകരർ പ്രതികാരം ചെയ്തേക്കുമെന്ന് നേരത്തേ തന്നെ സൈന്യത്തിന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു.

എന്നാൽ ഈ ഒരൊറ്റ ആക്രമണം മാത്രമല്ല ഈ വർഷം ഇന്ത്യയെ ഞെട്ടിച്ചത്. സാധാരണക്കാരും പൊലീസുകാരും സൈനികരുമായി നിരവധി പേരുടെ മരണത്തിനും ആശുപത്രി വാസത്തിനും നയിച്ച നിരവധി ആക്രമണങ്ങളാണ് ഈ വർഷം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്.

ജമ്മു കശ്മീരിൽ വിവിധ പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളുടെ വിവരങ്ങൾ

ഡിസംബർ 31-ജനുവരി 1: ദക്ഷിണ കശ്മീരിലെ ലെതപോരയിൽ ബിഎസ്എഫ് ജവാന്മാരും ജയ്ഷെ മുഹമ്മദ് ഭീകരരും തമ്മിലുണ്ടായ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂർ നീണ്ട എൻകൗണ്ടറിൽ മൂന്ന് പേർക്ക് സാരമായി പരുക്കേറ്റു. മൂന്ന് ഭീകരരും സംഭവത്തിൽ കൊല്ലപ്പെട്ടു.

ജനുവരി 19: ദക്ഷിണ കശ്മീരിലെ പുൽവാമ പൊലീസ് സ്റ്റേഷനിലേക്ക് ഭീകരർ ബോംബ് എറിഞ്ഞതിനെ തുടർന്ന് എട്ട് പൊലീസുകാർക്ക് പരുക്കേറ്റു.

ജനുവരി 22: ബരാമുളള പൊലീസ് സ്റ്റേഷന് സമീപം നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്. ഇതേ ദിവസം തന്നെ പാംപോറിൽ സുരക്ഷാ സൈന്യത്തെ ലക്ഷ്യമാക്കി ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ തദ്ദേശീയനായ ഒരാൾക്ക് പരുക്ക്.

ജനുവരി 26: ജമ്മു കശ്മീരിലെ പുൽവാമ പൊലീസ് സ്റ്റേഷനിലേക്ക് ഭീകരർ ബോംബെറിഞ്ഞു. ആർക്കും പരുക്കേറ്റില്ല.

ഫെബ്രുവരി 1: പുൽവാമയിൽ തന്നെ ബനുരയിൽ സിആർപിഎഫും കശ്മീർ പൊലീസും നിലയുറപ്പിച്ചിരുന്ന പോസ്റ്റിന് നേർക്ക് ഭീകരാക്രമണം. എന്നാൽ ആർക്കും പരുക്കേറ്റില്ല.

ഫെബ്രുവരി 3: രണ്ട് സാധാരണക്കാർക്കും മൂന്ന് സിആർഎപിഎഫ് ജവന്മാർക്കും ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ പരുക്ക്. സൈന്യത്തിന്റെ പട്രോളിങ് സംഘത്തിന് നേർക്ക് നടത്തിയ ആക്രമണമായിരുന്നു ഇത്. ഈ സംഭവവും പുൽവാമ ജില്ലയിലായിരുന്നു.

ഫെബ്രുവരി 7: ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. സെൻട്രൽ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മെഡിക്കൽ ചെക്ക് അപ്പിനായി തടവുകാരുമായി വന്ന പൊലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. ലഷ്കറെ തയിബയുടെ മുതിർന്ന കമാൻഡർ നവീദ് ജാത് എന്ന അബു ഹൻസുളളയെ രക്ഷിക്കാനായിരുന്നു ഈ ആക്രമണം. ഭീകരർ ഈ ശ്രമത്തിൽ വിജയിച്ചു.

ഫെബ്രുവരി 10: സുൻജ്വാൻ സൈനിക ക്യാംപിലേക്ക് നുഴഞ്ഞുകയറിയ ഭീകരർ സൈനികരുടെ ക്വാർട്ടേഴ്സിന് സമീപം നിലയുറപ്പിച്ച് ആക്രമണം നടത്തുന്നു. ഇവിടെയുണ്ടായിരുന്ന ഹവീൽദാറിനും മകൾക്കും വെടിയേൽക്കുന്നു. ഹവീൽദാർ മരിച്ചു. പിന്നീട് നടന്ന ആക്രമണത്തിൽ ജൂനിയർ കമാൻഡിങ് ഓഫീസറും കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റ് മൂന്ന് പട്ടാളക്കാർക്കും പരുക്കുണ്ട്. ഭീകരരെ ഇനിയും കീഴ്പ്പെടുത്താൻ സാധിച്ചിട്ടില്ല. ഇത് അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയ്ക്കുളള മറുപടിയായാണ് സംശയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ