ശ്രീനഗർ: ജമ്മു കാശ്‌മീരിലെ സുഞ്ജുവാൻ സൈനിക ക്യാംപിന് പിന്നിലെ ക്വാർട്ടേർസിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഗർഭിണിയായ യുവതി ആശുപത്രിയിൽ പ്രസവിച്ചു. റൈഫിൾമാൻ നസിർ അഹമ്മദിന്റെ ഭാര്യയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ജമ്മുവിലെ സൈനിക ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി കേണൽ ഡി. ആനന്ദ് വ്യക്തമാക്കി. അഞ്ച് സൈനികരടക്കം ആറ് പേർ മരിച്ച ഭീകരാക്രമണത്തിന്റെ വേദനയ്ക്കിടയിലേക്കാണ് കുരുന്നുജീവന്റെ പിറവി. കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഈ വിവരം അറിയിച്ച് ട്വീറ്റ് ചെയ്തു. കുഞ്ഞും അമ്മയും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭീകരരുടെ വെടിയേറ്റ പത്ത് പേരിൽ ഒരാളാണ് ഇവരെന്ന് കേണൽ വ്യക്തമാക്കി.

മിലിട്ടറി ഹോസ്പിറ്റൽ സത്വരിയിലേക്ക് ഇന്നലെയാണ് ഇവരെ കൊണ്ടുവന്നത്. ‘വേദനിപ്പിക്കുന്ന വാർത്തകൾക്കിടയിൽ നിന്ന് സന്തോഷം നൽകുന്ന ഒരു വാർത്ത. ഭീകരരുടെ വെടിയേറ്റ യുവതി പ്രസവിച്ചിരിക്കുന്നു”, ഒമർ അബ്ദുളള തന്റെ ട്വീറ്റിൽ പറഞ്ഞു.

ഇന്നലെ പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ സൈനിക ക്യാംപിലേക്ക് നുഴഞ്ഞുകയറിയ നാല് ഭീകരരെയും സൈന്യം വധിച്ചു. എന്നാൽ അഞ്ച് സൈനികരടക്കം ആറ് പേരുടെ ജീവനെടുത്ത ഭീകരരുടെ വെടിയേറ്റ് മറ്റ്  10 പേർ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഇന്നലെ പുലർച്ചെയാണ് സുഞ്ജുവാൻ സൈനിക ക്യാംപിന്റെ പുറകുവശത്തുളള സൈനിക ക്വാർട്ടേർസിലേക്ക് ഭീകരർ കടന്നത്. ഇവരോട് ഏറ്റുമുട്ടിയ ജൂനിയർ കമ്മാന്റിംഗ് ഓഫീസർ ഇന്നലെ തന്നെ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മകൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഒരു ജവാന്റെ പിതാവാണ് മരിച്ച ആറാമത്തെ വ്യക്തി. ക്വാർട്ടേർസിൽ താമസിക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഒരു മുഴുവൻ ദിവസം തുടർന്ന ആക്രമണത്തിൽ മറ്റ് നാല് സൈനികരെയും ഭീകരർ വധിച്ചിരുന്നു.

ജയ്ഷെ മുഹമ്മദ് ഭീകരരുടെ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നറിയാൻ സൈന്യം തിരച്ചിൽ നടത്തിയിരുന്നു. ആക്രമണം അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 9 നാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ