/indian-express-malayalam/media/media_files/2026/01/31/sunitra-pawar-2026-01-31-17-43-05.jpg)
Sunetra Pawar Oath Ceremony
Sunetra Pawar Oath Ceremony: മുംബൈ: അന്തരിച്ച എൻ.സി.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ശനിയാഴ്ച മുംബൈയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ബഹുമതി 62-കാരിയായ സുനേത്ര പവാറിന് സ്വന്തമായി.
Also Read:"ആ പ്രക്രിയ ഇനി തുടരുമെന്ന് തോന്നുന്നില്ല"; എൻസിപി ലയന ചർച്ചകളിൽ മൗനം വെടിഞ്ഞ് ശരദ് പവാർ
അജിത് പവാറിന്റെ ആകസ്മിക വിയോഗത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് എൻ.സി.പി സുനേത്രയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് വിധാൻ ഭവനിൽ ചേർന്ന എൻ.സി.പി നിയമസഭാ കക്ഷി യോഗം സുനേത്രയെ ഏകകണ്ഠമായി തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ രാഷ്ട്രീയ പൈതൃകം നിലനിർത്തുന്നതിനാണ് പാർട്ടി സുനേത്രയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. നിലവിൽ രാജ്യസഭാ എം.പി കൂടിയാണ് ഇവർ.
Also Read:'ദാദ' ഒഴിഞ്ഞ കസേര; പവാർ സാമ്രാജ്യത്തിൽ ഇനി ആര് വാഴും?
ബി.ജെ.പി നയിക്കുന്ന മഹായുതി സർക്കാരിന്റെ ഭാഗമായാണ് സുനേത്ര ചുമതലയേറ്റത്. എൻ.സി.പി എടുക്കുന്ന ഏത് തീരുമാനത്തെയും ബി.ജെ.പി പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇത് എൻ.സി.പിയുടെ (അജിത് പവാർ വിഭാഗം) ആഭ്യന്തര തീരുമാനമാണെന്നും എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചു.
ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ അജിത് പവാറിന്റെ വിയോഗത്തോടെ നിലച്ചതായും അദ്ദേഹം സൂചിപ്പിച്ചു.സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി ബാരാമതിയിലെ അജിത് പവാറിന്റെ വസതിയിലെത്തിയ സുപ്രിയ സുലെ, അദ്ദേഹത്തിന്റെ മാതാവ് ആശാ പവാറിനെ സന്ദർശിച്ചു.
അജിത് പവാറിന്റെ വിശ്വസ്തരായ പ്രഫുൽ പട്ടേൽ, സുനിൽ തട്കറെ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് നിയമസഭാ കക്ഷി യോഗം നടന്നത്. പാർട്ടിയിലെ എല്ലാ പ്രധാന തീരുമാനങ്ങളും എടുക്കാൻ സുനേത്ര പവാറിനെ യോഗം ചുമതലപ്പെടുത്തി.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് മത്സരിച്ചെങ്കിലും സുപ്രിയ സുലെയോട് സുനേത്ര പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇവർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Read More: സാമ്പത്തിക സർവേയിലെ കാർഷിക-ഗ്രാമവികസന നിർദ്ദേശങ്ങൾ ബജറ്റിൽ ഇടംപിടിക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us