ന്യൂഡൽഹി: ശശി തരൂർ എംപി പ്രതിയായ സുനന്ദ പുഷ്‌കർ മരണ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തളളി. ഇപ്പോൾ കുറ്റപത്രം സമർപ്പിച്ച കേസായതിനാൽ മറ്റൊരന്വേഷണം തുടങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം തളളിയത്.

ജസ്റ്റിസുമാരായ അരുൺ മിശ്ര, അബ്ദുൾ നാസർ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി.  കേസിൽ സുനന്ദ പുഷ്‌കറിന്റെ ഭർത്താവായ ശശി തരൂരിന് കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലെ പാട്യാല കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഡൽഹി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിനെ ശശി തരൂരും അന്വേഷണ സംഘവും കോടതിയിൽ എതിർത്തു. കേസ് രാഷ്ട്രീയ പ്രേരിതമായെന്ന തോന്നലുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം കേസിൽ സുബ്രഹ്മണ്യൻ സ്വാമിക്ക് ബന്ധപ്പെടേണ്ട യാതൊരു ആവശ്യവുമില്ല എന്നാണ് തരൂരിന്റെ അഭിഭാഷകൻ വാദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ