ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട ശശി തരൂർ എംപി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പാട്യാല ഹൈക്കോടതിയിലാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. സംഭവത്തിൽ നാളെ രാവിലെ വാദം കേൾക്കാമെന്നാണ് ശശി തരൂരിനോട് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് കേസ് വാദം കേൾക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

പക്ഷെ പ്രതിസ്ഥാനത്തുളള ആരെയും വിചാരണ തടവിനായി അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നിഷേധിക്കാനാവില്ലെന്നാണ് തരൂരിന്റെ അഭിഭാഷകൻ എഎൻഐയോട് പറഞ്ഞത്. കേസിൽ ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ ശശി തരൂരിന് പാട്യാല ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അറസ്റ്റൊഴിവാക്കാനുളള ശ്രമമാണ് ശശി തരൂർ നടത്തുന്നത്.

വിഷാദ രോഗത്തിനുളള ഗുളികകൾ അധികമായി കഴിച്ചാണ് സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. അതേസമയം തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. എന്നാൽ അന്വേഷണ സംംഘത്തിന്റെ കണ്ടെത്തലുകളെ തളളിയ തരൂർ, തന്നെ പ്രതിചേർത്തതിന് പിന്നിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നും പറഞ്ഞിരുന്നു.

ദക്ഷിണ ഡൽഹിയിലെ ലീല ഹോട്ടലിൽ 2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തെളിവ് ശേഖരിക്കുന്നതിൽ പൊലീസ് പരാജയപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook