/indian-express-malayalam/media/media_files/uploads/2018/05/ShaShi-Tharoor-Sunanda-Pushkar.jpg)
ന്യൂഡൽഹി: വിവാദമായ സുനന്ദ പുഷ്‌കർ മരണ കേസിൽ ഭർത്താവും എംപിയുമായ ശശി തരൂരിനെതിരെ ഡൽഹി പൊലീസ് ചുമത്തിയത് ഉടൻ അറസ്റ്റ് ചെയ്യാവുന്ന വകുപ്പ്. 3000 പേജുളള കുറ്റപത്രത്തിലാണ് സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്നും ഭർത്താവിന്റെ ഗാർഹിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വ്യക്തമാക്കിയിരിക്കുന്നത്.
ശശി തരൂർ എംപിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306, 498 എ വകുപ്പുകളാണ് ഡൽഹി പൊലീസ് ചുമത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിൽ കൂടുതലാകാതെ ഭാര്യയെ ഭർത്താവ് ഗാർഹികമായി പീഡിപ്പിക്കുന്ന സംഭവങ്ങളിലാണ് 498 എ വകുപ്പ് ചുമത്തിയിരിക്കുന്നത്.
ഈ വകുപ്പ് ചുമത്തുന്ന സംഭവങ്ങളിൽ ഉടനടി തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താറുണ്ട്. ഇതിനാൽ തന്നെ ഡൽഹി പൊലീസിന്റെ അടുത്ത നീക്കം എന്താണെന്ന് വ്യക്തമായിട്ടില്ല. പാട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ച റോമിൽ ബാനിയ സമർപ്പിച്ച കുറ്റപത്രത്തിന് 3000 പേജുകളാണ് ഉളളതെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.
2010 ഓഗസ്ത് 22നായിരുന്നു സുനന്ദ പുഷ്‌കറിനെ ശശി തരൂർ എംപി വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് മൂന്ന് വർഷവും മൂന്ന് മാസവും 15 ദിവസവും പിന്നിട്ടപ്പോഴാണ് സുനന്ദ പുഷ്‌കർ മരിച്ചത്. പാട്യാല ഹൗസ് കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമ്മേന്ദ്ര സിങ്ങിന്റെ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മെയ് 24 നാണ് കോടതി കുറ്റപത്രം പരിഗണിക്കുക.
2014 ജനുവരിയിലാണ് ന്യൂ ഡൽഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പർ സ്യൂട്ട് മുറിയിൽ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പിന്നീട് ദുരൂഹതയുണ്ടെന്ന് ആരോപണം വന്നതോടെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.