ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തത് സ്ഥിതി റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് പോലീസിനോട് ഡല്‍ഹി ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, ബിജെപി നേതാവ് സുബ്രമണ്യ സ്വാമി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു കോടതിയുടെ പുതിയ നിര്‍ദ്ദേശം.

സമ്പത്തും സ്വാധീനവുമുള്ളവര്‍ക്ക് കേസ് എത്തരത്തില്‍ അട്ടിമറിക്കാനാകുമെന്നതിന്റെ തെളിവാണ് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷമെന്നും പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്നും സുബ്രഹ്മണ്യ സ്വാമി ഹര്‍ജിയില്‍ പറയുന്നു. അതേസമയം കോടതി തീരുമാനിച്ചാല്‍ കേസ് സിബിഐക്ക് കൈമാറുന്നതില്‍ വിരോധമില്ലെന്ന് ഡെല്‍ഹി പോലീസ് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ നടന്ന കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ കോടതി ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കി. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ