ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വിചാരണയ്ക്കായി ഡൽഹി സെഷൻസ് കോടതിയിലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമർ വിശാൽ ആണ് കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. കേസിന്റെ വിചാരണ ഫെബ്രുവരി 21 ന് തുടങ്ങും. ഡൽഹി പൊലീസിനോട് വിജിലൻസ് റിപ്പോർട്ട് സൂക്ഷിക്കാനും കോടതി നിർദേശം നൽകി.

ദക്ഷിണ ഡൽഹിയിലെ ലീല ഹോട്ടലിൽ 2014 ജനുവരി 17 നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കേസിൽ പ്രതി ചേർത്തിട്ടുളളത്. നേരത്തെ കേസിൽ ശശി തരൂർ എംപിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചില വ്യവസ്ഥകളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306, 498 എ വകുപ്പുകളാണ് ശശി തരൂർ എംപിക്കെതിരെ ഡൽഹി പൊലീസ് ചുമത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഭാര്യക്ക് ഭർത്താവിൽനിന്നും നേരിടേണ്ടി വരുന്ന ഗർഹിക പീഡന കേസിലാണ് 498 എ വകുപ്പ് ചുമത്തുക.

കുറ്റപത്രത്തിൽ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്നും ഭർത്താവിന്റെ ഗാർഹിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വ്യക്തമാക്കിയിരിക്കുന്നത്. 2010 ഓഗസ്ത് 22നായിരുന്നു സുനന്ദ പുഷ്‌കറിനെ ശശി തരൂർ എംപി വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് മൂന്ന് വർഷവും മൂന്ന് മാസവും 15 ദിവസവും പിന്നിട്ടപ്പോഴാണ് സുനന്ദ പുഷ്‌കർ മരിച്ചത്. പട്യാല ഹൗസ് കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമ്മേന്ദ്ര സിങ്ങിന്റെ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മെയ് 24 നാണ് കോടതി കുറ്റപത്രം പരിഗണിക്കുക.

2014 ജനുവരിയിലാണ് ന്യൂ ഡൽഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പർ സ്യൂട്ട് മുറിയിൽ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പിന്നീട് ദുരൂഹതയുണ്ടെന്ന് ആരോപണം വന്നതോടെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook