ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രോസിക്യൂഷനെയും കോടതിയേയും സഹായിക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട സുബ്രഹ്മണ്യൻ സ്വാമിയുടെ ഹര്‍ജിയില്‍ ഡല്‍ഹി കോടതി മെയ് 13ന് വിധി പറയും. പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ താന്‍ അന്യനല്ലെന്നും തെളിവുകള്‍ മായ്ച്ച് കളയാനുളള ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തേ സുപ്രിംകോടതിയെ സമീപിച്ചി്ടടുണ്ടെന്നും കോടതിയില്‍ സ്വാമി ചൂണ്ടിക്കാണിച്ചു. നേരത്തെ കേസിൽ പട്യാല ഹൗസ് കോടതി വാദം നടത്തി തളളിയിരുന്നു. എം.പിയും സുനന്ദയുടെ ഭർത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്. ‍വിഷാദരോഗത്തിനുള്ള മരുന്ന് അമിത അളവിൽ കഴിച്ചാണ് സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്‌തത് എന്നായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.

സുനന്ദ പുഷ്കര്‍, ശശി തരൂര്‍

അതേസമയം, തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാൻ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ചിലത് തുറന്ന് പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച പൊലീസ് വിശദീകരണം കോടതി ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ ലീല ഹോട്ടലിൽ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് കൊലപാതകമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷെ തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook