കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. വിവാഹ സൽക്കാരം നടക്കുന്ന ഹാളിലായിരുന്നു സ്ഫോടനം. പ്രാദേശിക സമയം രാത്രി 10.40നായിരുന്നു സ്‌ഫോടനമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിരവധി ആളുകളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷിയ മുസ്‌ലിങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്. വിവാഹ സൽക്കാരമായതിനാൽ തന്നെ നിരവധി ആളുകളാണ് ഹാളിന് ചുറ്റുമുണ്ടായിരുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഷിയ മുസ്‌ലിങ്ങളെ ലക്ഷ്യംവച്ച് സുന്നി ഭീകരവാദ സംഘടനകളായ താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റും ആക്രമണങ്ങൾ നടത്തുന്നത് പതിവാണ്.

പത്ത് ദിവസം മുമ്പാണ് 14 പേരുടെ മരണത്തിന് ഇടയാക്കിയ മറ്റൊരു സ്ഫോടനം കാബൂളിൽ നടന്നത്. കാബൂൾ പൊലീസ് സ്റ്റേഷന് പുറത്തുണ്ടായ സ്ഫോടനത്തിൽ അന്ന് 150ലേറെ പോർക്ക് പരുക്കേറ്റിരുന്നു. താലിബൻ അന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച താലിബൻ നേതാവ് ഹിബത്തുള്ളയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, താലിബൻ പ്രതിനിധിയുമായി അമേരിക്കൻ ചർച്ചകൾ പുരോഗമിക്കുകയാണ്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് സമാധാന ചർച്ചകൾ നടക്കുന്നത്. അഫ്ഗാൻ വിഷയമാണ് ചർച്ച ചെയ്യുന്നത്. ചർച്ച മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ ഒരു കരാറിലെത്താമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook