പൂനെ: കോവിഡ്-19 രോഗവ്യാപനത്തെത്തുടർ സാനിറ്റൈസർ നിർമാണം ആരംഭിച്ച മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകൾ പ്രതിസന്ധിയിൽ. സാനിറ്റൈസർ വിൽപനയ്ക്കുള്ള മാർഗം കണ്ടെത്താനാവാത്താണ്  മില്ലുകളെ പ്രതിസന്ധിയിലാക്കുന്നത്. ആയിരക്കണക്കിന് ലിറ്റർ സാനിറ്റൈസറാണ് മില്ലുകളിൽ വിൽക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത്.

കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് ഹാൻഡ് സാനിറ്റൈസറുകളുടെ ആവശ്യം ഇന്ത്യയിൽ വർധിച്ചിരുന്നു. രാജ്യത്ത് ആദ്യ കോവിഡ് കേസുകൾ റിപോർട്ട് ചെയ്യപ്പെട്ട സമയത്ത് തന്നെ ആളുകൾ പരിഭ്രാന്തരായി ഹാൻഡ് സാനിറ്റൈസറുകൾ വാങ്ങാൻ ആരംഭിക്കുകയും  ഇവയുടെ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു. തുടർന്ന് സാനിറ്റൈസറിനെ അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും വില നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും ചെയ്തു. ഇതിനൊപ്പം രാജ്യത്ത് സാനിറ്റൈസർ ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകൾ ഈ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചത്.

Read More: ലോക്ക് ഡൗൺ മുഴുവനായി പിൻവലിക്കുക കോവിഡ് വാക്സിൻ കണ്ടെത്തിയ ശേഷം: തൃപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്

സാനിറ്റൈസറുകളിൽ 70 ശതമാനത്തിലധികം ആൽക്കഹോളാണ്. ഇതിനാൽ പഞ്ചസാര ഫാക്ടറികൾക്ക് അവയുടെ എഥനോൾ പ്ലാൻറുകളുടെ സഹായത്താൽ സാനിറ്റൈസർ നിർമിക്കാനാവും.  പഞ്ചസാര നിർമിക്കുമ്പോൾ കിട്ടുന്ന ഉപോൽപന്നങ്ങളിലൊന്നാണ് എഥനോൾ.

കോവിഡ് വ്യാപനത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ, സ്വകാര്യ മില്ലുകളും സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന മില്ലുകളും മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് സാനിറ്റൈസർ നിർമാണത്തിലേക്ക് തിരിഞ്ഞത്. പ്രതിദിനം 20 ലക്ഷം ലിറ്റർ സാനിറ്റൈസർ ഉൽപാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തെ മൊത്തം പഞ്ചസാര ഫാക്ടറികൾക്കുണ്ട്. ഉൽപാദനത്തിന് പ്രാധാന്യം നൽകിയ ഫാക്ടറികൾ സാനിറ്റൈസറിന്റെ വിപണനത്തിന് പ്രാധാന്യം നൽകാത്തത് അവരെ പ്രതിസന്ധിയിലേക്ക് നയിക്കുകയായിരുന്നു.

ഇതുവരെ 40 ലക്ഷം ലിറ്റർ സാനിറ്റൈസർ മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകളിൽ നിന്ന് ഉൽപാദിപ്പിച്ചതായാണ് കണക്ക്. എന്നാൽ ഇതിൽ 12 ലക്ഷം ലിറ്റർ ഇതുവരെ വിറ്റഴിക്കാനായില്ല. പ്രധാനമായും സഹകരണ മേഖലിലെ പഞ്ചസാര ഫാക്ടറികൾക്കാണ് സാനിറ്റൈസർ വിറ്റഴിക്കാൻ കഴിയാതിരുന്നത്.

ചില്ലറ വിൽപന കമ്പോളത്തിലേക്ക് സാനിറ്റൈസറുകൾ എത്തിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടതായി സഹകരണ മില്ലുകളുടെ പ്രതിനിധികൾ പറയുന്നു. പഞ്ചസാരയും എഥനോളും ടെൻഡർ നടപടിക്രമങ്ങളിലൂടെ മൊത്തക്കച്ചവടക്കാർക്ക് കൈമാറുകയാണ് ചെയ്യാറ്. എന്നാൽ സാനിറ്റൈസറുകൾ ചില്ലറ വ്യാപാരികളിലേക്കെത്തിക്കുന്നതിന് ഈ രീതി അവലംബിക്കാനാവില്ല. ഇതിനായുള്ള മാർക്കറ്റിങ് പ്രവർത്തനങ്ങളിൽ മില്ലുകൾ പരാജയപ്പെടുകയായിരുന്നു.

Read More: ലോക്ക്ഡൗണ്‍: കുറ്റകൃത്യങ്ങളില്‍ വന്‍കുറവ്; അപകടങ്ങളും മരണങ്ങളും കുറഞ്ഞു

സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള സാനിറ്റൈസറുകൾ സഹകരണ മില്ലുകളിൽ നിന്ന് വാങ്ങാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് മഹാരാഷ്ട്ര കോഓപറേറ്റീവ് ഷുഗർ ഫാക്ടറീസ് ഫെഡറേഷൻ നിവേദനം നൽകിയിരുന്നു. എന്നാൽ അതിൽ വേണ്ട തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

സ്വകാര്യ മില്ലുകൾക്ക് ഈ സാഹചര്യം വലിയ പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാനാവുന്നുണ്ട്. സാനിറ്റൈസറുകളുടെ ചില്ലറ വിൽപനയിലൂടെ അധിക വരുമാനം ലഭിച്ചതായാണ് സംസ്ഥാനത്തെ സ്വകാര്യ മില്ലുകളുടെ സംഘടനയായ വെസ്റ്റ് ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻറെ പ്രസിഡന്റ് ഭൈരവ്നാഥ് ബി തോംബറേ പറയുന്നത്. തോംബറേയുടെ പഞ്ചസാര ഫാക്ടറികളിൽ വഴി 70,000 ലിറ്റർ സാനിറ്റൈസർ ഉൽപാദിപ്പിക്കുകയും അവ മാറത്ത് വാഡ മേഖലയിൽ വിറ്റഴിക്കുകയും ചെയ്തിരുന്നു.

Read More: After sugar, mills left with unsold stock of hand sanitizers

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook