കൊല്ലം: സിപിഐ 23-ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് റെഡ്ഡിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. ജനറൽ സെക്രട്ടറി പദത്തിൽ ഒരാൾക്ക് രണ്ട് തവണയെന്ന പതിവ് തെറ്റിച്ചാണ് സുധാകർ റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുത്തത്.
അതേസമയം, ഗുരുദാസ് ദാസ് ഗുപ്‌ത സ്ഥാനമൊഴിഞ്ഞ ഡപ്യൂട്ടി ജനറൽ സെക്രട്ടറി പദത്തിലേക്ക് മറ്റാരെയും തിരഞ്ഞെടുത്തില്ല. കേരളത്തിൽ നിന്ന് അഞ്ച് പുതുമുഖങ്ങൾ ഉൾപ്പടെ 15 പേരെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തി. ജെഎൻയുവിലെ വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ ഉൾപ്പടെ 125 പേരാണ് ദേശീയ കൗൺസിലിൽ ഉളളത്.
കൺട്രോൾ കമ്മിഷൻ ചെയർമാനായി പന്ന്യൻ രവീന്ദ്രനെ തിരഞ്ഞെടുത്തു. സി.ദിവാകരൻ, സി.എൻ.ചന്ദ്രൻ, സത്യൻ മൊകേരി, കമലാ സദാനന്ദൻ എന്നിവരെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കി. പകരം എൻ.രാജൻ, എൻ.അനിരുദ്ധൻ, പി.വസന്തം, കെ.പി.രാജേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ എന്നിവരെ ഉൾപ്പെടുത്തി. കാന്‍ഡിഡേറ്റ് അംഗമായി മഹേഷ് കക്കത്തിനെയും ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാനം രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും ദേശീയ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.