/indian-express-malayalam/media/media_files/uploads/2017/07/Sudha-Sing-horzOut.jpg)
ന്യൂഡൽഹി: സ്റ്റീപ്പിള്‍ ചേസ് താരം സുധാ സിംഗിനെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ലണ്ടനിലേക്ക് അയക്കില്ലെന്ന് എഎഫ്‌ഐ. അവസാനനിമിഷം അനുമതി നല്‍കിയത് വിവാദമായതാണ് കാരണമെന്ന് സൂചന. സുധയുടെ പേര് വെട്ടാന്‍ മറന്നുപോയതാണെന്നാണ് ഇതേ കുറിച്ച് എഎഫ്ഐയുടെ വിചിത്രമായ മറുപടി.
ലണ്ടനിലേക്ക് പോകാമെന്ന് നേരത്തെ അറിഞ്ഞിരുന്നതായി സുധാ സിംഗ് പറഞ്ഞിരുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും സുധാ സിങ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എഎഫ്ഐയുടെ പുതിയ തീരുമാനം വന്നത്. ആദ്യ പട്ടികയില്‍ ഇല്ലാതിരുന്ന സുധയെ അവസാന നിമിഷം തിരുകി കയറ്റിയത് വിവാദമായിരുന്നു.
അതേസമയം ചിത്രയെ ഒഴിവാക്കിയത് ഫെഡറേഷനെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍. ഏഷ്യൻ ചാന്പ്യൻമാരെ അയക്കണമെന്ന് താൻ നിർദ്ദേശം നൽകിയിരുന്നെന്നും എന്നാൽ ഏഷ്യന്‍ ചാംപ്യന്‍മാരെയെല്ലാം അയക്കില്ലെന്നത് ഫെഡറേഷന്റെ തീരുമാനമാനിക്കുകയായിരുന്നു. അന്തിമപട്ടിക സെലക്ഷന്‍ കമ്മിറ്റിയെ കാണിച്ചിട്ടില്ലെന്നും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജി.എസ്.രണ്‍ധാവെ ആരോപിച്ചു.
പിയു ചിത്ര ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഓടില്ലെന്ന് ഇന്നലെ ഉറപ്പായിരുന്നു. മലയാളി താരത്തെ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കിയ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷന്‍ തള്ളിയതോടെയായിരുന്നു ഇത്. കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ കത്തയച്ചത്.
കേരള ഹൈക്കോടതി വിധിയുണ്ടെങ്കിലും ചിത്രയ്ക്കു ലോക ചാംപ്യൻഷിപ്പിൽ മൽസരിക്കാൻ സാധിക്കില്ലെന്നു കടുത്ത നിലപാടാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ ആദ്യമെടുത്തത്. കായിക മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നും കോടതിയലക്ഷ്യ നടപടി ഭയന്നും പിന്നീടു രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനു കത്തയക്കുകയായിരുന്നു. തീരുമാനത്തിൽ സങ്കടമുണ്ടെന്നും വലിയ അവസരമാണു നഷ്ടപ്പെട്ടതെന്നും പിയു ചിത്ര പ്രതികരിച്ചു.
അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. നേരത്തെ പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പിയു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ പിടി ഉഷയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us