ഖാര്‍ത്തൂം: സുഡാനില്‍ ആഭ്യന്തരകലാപം മൂന്ന് ദിവസം പിന്നിടുമ്പോള്‍ 185 പേര്‍ കൊല്ലപ്പെടുകയും 1,800-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ പ്രതിനിധി വോള്‍ക്കര്‍ പെര്‍ത്ത്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സ്‌ഫോടനങ്ങളും വെടിയൊച്ചകളും തുടരുമ്പോള്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെയും മറ്റ് നഗരങ്ങളിലെയും ജനങ്ങള്‍ മൂന്നാം ദിവസമായ തിങ്കളാഴ്ചയും അവരുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ തുടരുകയാണ്.
സൈന്യവും അര്‍ധസൈനിക വിഭാഗവും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് തെരുവുകളില്‍ ആക്രമണം തുടരുകയാണ്. കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുറഞ്ഞത് 185 പേര്‍ കൊല്ലപ്പെടുകയും 1,800-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ പ്രതിനിധി വോള്‍ക്കര്‍ പെര്‍ത്ത്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ഇരുവിഭാഗവും ടാങ്കുകളും പീരങ്കികളും മറ്റ് മാരകായുധങ്ങളും പ്രയോഗിക്കുന്നു. സംഘര്‍ഷങ്ങള്‍ കാരണം ആര്‍ക്കും എത്തിച്ചേരാനാകാത്ത നിരവധി മൃതദേഹങ്ങള്‍ സെന്‍ട്രല്‍ കാര്‍ട്ടൂമിന് ചുറ്റുമുള്ള തെരുവുകളിലുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോർട്ട്. കലാപത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടേയോ മറ്റുള്ളവരുടേയോ ഔദ്യോഗിക കണക്ക് പുറത്ത് വന്നിട്ടില്ല. നേരത്തെ ഡോക്ടര്‍മാരുടെ സംഘം കലാപത്തില്‍ 97 സാധാരണക്കാര്‍ മരിച്ചതായി കണക്കാക്കിയിരുന്നു.
അര്‍ധ സൈനിക വിഭാഗവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുഡാനിലെ എല്ലാ പ്രവര്‍ത്തനങ്ങളും യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കലാപം രൂക്ഷമായ സാഹചര്യത്തില്‍ താല്‍ക്കാലിക ആശ്വാസമായി ഇരുവിഭാഗവും മൂന്നുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും പ്രാദേശിക സമയം വൈകിട്ട് നാലു മുതല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ നടപ്പാക്കുക. അടിയന്തര മാനുഷിക ആവശ്യങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുഡാന്‍ സൈന്യം അറിയിച്ചു.
യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍, അറബ് രാജ്യങ്ങള്‍ എന്നിവര്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തതോടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. അറബ് ലീഗ്, ആഫ്രിക്കന്‍ യൂണിയന്‍, മേഖലയിലെ നേതാക്കള്‍ എന്നിവരുമായി താന്‍ കൂടിയാലോചന നടത്തി വരികയാണെന്നും സ്വാധീനമുള്ള ആരോടും സമാധാനത്തിനായി സമ്മര്‍ദം ചെലുത്താന്‍ പ്രേരിപ്പിക്കുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.