ഖാര്‍ത്തൂം: സുഡാനില്‍ ഇന്ന് മുതല്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈന്യം. വെടിനിര്‍ത്തലിന് ഇരുവിഭാഗവും സമ്മതം അറിയിച്ചിട്ടുണ്ട്. അതേസമയം പാശ്ചാത്യ, അറബ്, ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചെത്തിക്കാനുള്ള ഉള്‍ജ്ജിത ശ്രമങ്ങള്‍ തുടരുകയാണ്.
യുഎസും സൗദി അറേബ്യയുമാണ് രാജ്യത്ത് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് സുഡാന്‍ സായുധ സേന (എസ്എഎഫ്) പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ കരാര്‍ ആദ്യം പ്രഖ്യാപിക്കുകയും രണ്ട് ദിവസത്തെ തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് പ്രഖ്യാപിക്കുകയും ചെയ്തത്. നേരത്തെ പല താല്‍ക്കാലിക ഉടമ്പടി കരാറുകളും ഇരുപക്ഷവും പാലിച്ചിരുന്നില്ല.
സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ‘ഓപ്പറേഷന്‍ കാവേരിക്ക്’ നേതൃത്വം നല്‍കാന്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് യാത്ര. ഇന്ന് രാവിലെ മുരളീധരന്‍ ജിദ്ദയിലെത്തും.
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുവം സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഓപ്പറേഷൻ കാവേരി എന്നു പേരിട്ട പദ്ധതിയുടെ ചുമതല വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയാണ് ഏൽപ്പിച്ചതെന്നു മോദി വ്യക്തമാക്കി.
സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനില്‍ എത്തിച്ചിരുന്നു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.